തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രാള്‍ പമ്പുകള്‍ പണിമുടക്കും. വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പണിമുടക്ക് നത്താന്‍ തീരുമാനിച്ചത്.

പുതിയ പമ്പുകള്‍ക്ക് എന്‍ ഒ സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പെടുത്തി ഏകജാലക സംവിധാനം ഉടന്‍ നടപ്പിലാക്കുക, 2014 ഡിസംബര്‍ 28ന് ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍ ഒ സി കള്‍ ക്യാന്‍സല്‍ ചെയ്യുക, എന്‍ ഒ സി നല്‍കിയതിലെ ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വന്‍ അഴിമതിയാണ് ഇതിന് പിറകില്‍ നടക്കുന്നതെന്നും. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ആളുകളെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടും ജില്ല സംസ്ഥാന ഭരണകൂടം മൗനം പാലിക്കുകയാണെന്നും യോഗം ആരോപിച്ചു. വയനാട്ടില്‍ പുതിയ പമ്പുകള്‍ക്ക് എന്‍ ഒ സി നല്‍കിയതും തുടര്‍ന്ന് ഒായില്‍ കമ്പനി ചെയ്തതും നഗ്നമായ നിയമലംഘനമാണെന്നും യോഗം വിലയിരുത്തി.