ദിനംപ്രതി ഇന്ധനവില കൂട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പ്രെട്രോള്‍ പമ്പുകള്‍ അടിച്ചിടും

കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും പുതുക്കി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ പമ്പുടമകള്‍ ജൂണ്‍ 16 ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെയും വില്‍ക്കാതെയും പമ്പുകള്‍ അടച്ചുന്നു. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.

ഈ മാസം 16 മുതല്‍ രാജ്യവ്യാപകമായി ഇന്ധന വില പ്രതിദിനം പുതുക്കി നിശ്ചയിക്കാനാണ് കേന്ദ്രമന്ത്രിയും എണ്ണക്കമ്പനികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത്. രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സമ്പ്രദായം വിജയമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ധനവില പുതുക്കുന്നത് രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്.

അതെസമയം എണ്ണക്കമ്പനികളുടെ ഈ തീരുമാനം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് പമ്പുടമകളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ദിവസവും മാറ്റം വരുന്ന വിലനിലവാരം അറിയാന്‍ രാവിലെ വരെ കാത്തിരിക്കേണ്ടിവരും എന്നുമാത്രമല്ല വിലയിലുണ്ടാക്കുന്ന അവ്യക്തത ഉപഭോക്താക്കളുമായി തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുമെന്നും ഇത് പമ്പുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടനാഭാരവാഹികള്‍ പറയുന്നു. കൂടാതെ ഈ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് സഹായകരമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.