പെട്രോള്‍ പമ്പ് സമരം തുടങ്ങി

കൊച്ചി : ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ പമ്പുകള്‍ അടച്ചുള്ള 24 മണിക്കൂര്‍ സമരം അര്‍ധരാത്രി തുടങ്ങി. ആറുവര്‍ഷം മുമ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

അപൂര്‍വചന്ദ്ര കമ്മിറ്റിപ്രകാരമുള്ള വ്യവസ്ഥകള്‍ നടപ്പാക്കാമെന്ന കരാറില്‍ എണ്ണക്കമ്പനികള്‍ ഒപ്പിട്ടതാണെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജനറല്‍സെക്രട്ടറി എം രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിതര സര്‍വീസ്ചാര്‍ജില്‍ വന്ന മാറ്റം, മുതല്‍മുടക്കിന് ആനുപാതികമായ കമീഷന്‍ ലഭിക്കാത്തത്, ബാഷ്പീകരണംമൂലമുള്ള നഷ്ടം എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ പമ്പുടമകള്‍ അനുഭവിക്കുന്നുണ്ട്.

വര്‍ഷത്തില്‍ രണ്ടു വര്‍ഷം കമീഷന്‍വര്‍ധന നല്‍കാമെന്ന കരാറും നടപ്പാക്കിയില്ല. ഓള്‍ ഇന്ത്യ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയമാണ് പമ്പുകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്തത്. കഴിഞ്ഞ 10ന് കമ്പനിയില്‍നിന്ന് സ്റ്റോക്ക് വാങ്ങാതെ പ്രതിഷേധിച്ചിട്ടും എണ്ണക്കമ്പനികള്‍ ചര്‍ച്ചയ്ക്കുപോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.