Section

malabari-logo-mobile

ജനങ്ങളുടെ പിന്തുണയില്ലാതെ ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധം വിജയിക്കില്ലെ;അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി

HIGHLIGHTS : ദോഹ: ജനങ്ങളുടെ പിന്തുണയില്ലാതെ ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധം വിജയിക്കില്ലെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി. ജനങ്ങളോട് മാന്യമായും നീതിപൂര്‍വ...

Doha-Qatarദോഹ: ജനങ്ങളുടെ പിന്തുണയില്ലാതെ ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധം വിജയിക്കില്ലെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി. ജനങ്ങളോട് മാന്യമായും നീതിപൂര്‍വ്വകമായും വര്‍ത്തിക്കണമെന്നും ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 69-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.
ഈ യുദ്ധം  തങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും തങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് സുസ്ഥിരത നല്‍കാനല്ലെന്നും അവര്‍ക്ക് ബോധ്യമാവേണ്ടതുണ്ട്.
മതാധ്യാപനങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരായ ഭീകരതയുടെ ഏറ്റവും വലിയ ഇരകള്‍ അറബ് സമൂഹമാണ്. സമൂഹത്തെ സമ്പന്നമാക്കുന്ന വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും എതിരുനില്‍ക്കുന്ന സമൂഹങ്ങളിലാണ് ഭീകരത മുളയ്ക്കുന്നത്. ഭീകരത വളരുന്നതിലൂടെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ വിസ്മരിക്കപ്പെടുകയും ബഹുസ്വരത നശിക്കുകയും നിരപാരാധികളുടെ ജീവന്‍ ഹോമിക്കപ്പെടേണ്ടിയും വരുന്നു. ഒരു മതവും ഭീകരത ആഹ്വാനം ചെയ്യുന്നില്ലെന്നും അടിച്ചമര്‍ത്തലും പാര്‍ശ്വവത്കരണവുമാണ് അതിന് തുടക്കമിടുന്നത്. ഭീകരത വിനാശകാരിയാണെന്ന ബോധമുള്ളതുകൊണ്ടാണ് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഖത്തര്‍ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം ലോക സമൂഹത്തെ ഓര്‍മിപ്പിച്ചു.
സംഘര്‍ഷങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തി അതിനു സമാധാന പരമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കാണുന്നതിലൂടെ മാത്രമേ ലോകത്ത് സുരക്ഷയും സമാധാനവും പുലരുകയുള്ളൂ. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് മനുഷ്യവാകാശങ്ങളുടേയും ജനങ്ങളുടെ അവകാശങ്ങളുടേയും അടിസ്ഥാനത്തില്‍ നടക്കുന്ന തുല്യതയോടെയുള്ള ചര്‍ച്ചകളിലൂടെ മാത്രമേ അത് സാധ്യമാകൂ.
മാനവികതയുടേയും നാഗരികതയുടേയും എല്ലാ മാനദണ്ഡങ്ങളും മറികടന്നു കൊണ്ടാണ് ഇസ്‌റാഈല്‍ ഗസ്സയിലെ പിഞ്ചു കുട്ടികള്‍ക്കും അമ്മമാര്‍ക്കും നേരെ ക്രൂരമായി അതിക്രമങ്ങള്‍ നടത്തിയത്. ഗസ്സ അപ്പാടെ തകര്‍ന്ന ആക്രമണത്തില്‍ അഞ്ചുലക്ഷം പേരാണ് അഭയാര്‍ഥികളായത്. മുന്‍ ആക്രമണത്തില്‍ തകര്‍ന്നത് പുനര്‍ നിര്‍മിച്ചതുപോലും തകര്‍ത്ത ഈ നിഷ്ഠൂരത മാനവികതയ്ക്കു നേരേയുള്ള കുറ്റകൃത്യമാണ്. അധിനിവേശത്തിനെതിരെ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാനായി ഫലസ്തീന്‍ ജനത നടക്കുന്ന പോരാട്ടത്തെ ഞാന്‍ ബഹുമാനിക്കുന്നു. ആയുധങ്ങള്‍ക്ക്‌കൊണ്ട് സ്വന്തം ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനാവില്ലെന്നും സമാധാനത്തിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളുവെന്നും അധിവേശം അവസാനിപ്പിക്കേണ്ടി വരിക തന്നെ ചെയ്യുമെന്നും ഇസ്‌റാഈല്‍ മനസ്സിലാക്കേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയ്ക്ക് പിറന്ന മണ്ണില്‍ സ്വതന്ത്ര രാജ്യം എന്ന ജന്മാവകാശം ലഭ്യമാക്കാനുള്ള ധാര്‍മികവും നിയമപരവുമായ ബാധ്യത യു എന്‍ സുരക്ഷാ കൗണ്‍സില്‍ നിറവേറ്റതുണ്ട്.
സമാധാനപരമായ അവകാശങ്ങള്‍ക്കായി പൊരുതിയ സിറിയന്‍ ജനതയ്ക്കുമേല്‍ സൈനികായുധങ്ങളും രാസായുധങ്ങളും പ്രയോഗിക്കുന്നതിനു മുമ്പേ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്തു വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ രക്തമൊഴുക്കി വംശഹത്യ നടത്തുന്ന അസദ് ഭരണകൂടം മാനവികതയ്‌ക്കെതിരേ കുറ്റകൃത്യമാണ് നടത്തുന്നത്. എല്ലാ പരിധികളും ലംഘിച്ചു ജനങ്ങള്‍ക്കെതിരെ ഭരണകൂട ഭീകരത താണ്ഡമാടുകയും അതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന് ഒന്നും ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്തപ്പോഴാണ് തീവ്രവാദ സംഘടനകള്‍ പൊട്ടി മുളച്ചത്. ലിബിയയിലെ എല്ലാ രാഷ്ട്രീയ ശക്തികളും അക്രമത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിക്കുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ തുണീഷ്യയുടെ അനുഭവം മികച്ച ഉദാഹരണമാണ്.
സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം തുറന്ന ചര്‍ച്ചകളാണെന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഖത്തര്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥതയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. ഈ പൈതൃകം ഖത്തര്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയതാണ്. രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ ഭന്നതകള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി ഖത്തര്‍ നിലകൊള്ളുക തന്നെ ചെയ്യുമെന്നും അമീര്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ അധ്യക്ഷതയില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനുമുള്ള വെല്ലുവിളികളെ കുറിച്ചുള്ള യു എന്‍ സുരക്ഷാ കൗണ്‍സില്‍ ഉച്ചകോടിയിലും അദ്ദേഹം സംബന്ധിക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!