സേവനം വീടുകളിലെത്തി നല്‍കും: മന്ത്രി മുനീര്‍

മലപ്പുറം: തദ്ദേശസ്ഥാപനങ്ങള്‍ മുഖേനെ നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ ഗുണഭോക്താക്കളുടെ വീട്ടിലെത്തി നല്‍കുമെന്ന് പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ.എം.കെ മുനീര്‍. സമ്പൂര്‍ണ പെന്‍ഷന്‍ ജില്ലാ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കി. 19207 പേര്‍ക്കാണ് മുമ്പ് പെന്‍ഷന്‍ ലഭ്യമാക്കിയിരുന്നത്. ഇപ്പോഴത് 2,85,538 ആയിട്ടുണ്ട്. സമ്പൂര്‍ണ പെന്‍ഷന്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷനായി. ഇ.റ്റി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, പഞ്ചായത്ത് ജോയന്റ് ഡയറക്റ്റര്‍ സി.എന്‍. ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ റസാഖ്, സെക്രട്ടറി സി.കെ ജയദേവന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ വി.പി സുകുമാരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അര്‍ഹരായവര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത്തലത്തില്‍ പ്രത്യേക അദാലത്ത് നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. അദാലത്തില്‍ വാര്‍ധക്യകാല പെന്‍ഷന്‍ 73,686 കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 1,118, വിധവാ പെന്‍ഷന്‍ 17,437, വികലാംഗ പെന്‍ഷന്‍ 2,618, അവിവാഹിത പെന്‍ഷന്‍ 462 എന്നിങ്ങനെ ജില്ലയില്‍ ആകെ 95,321 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ളതായി കണ്ടെത്തി. സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്ന മൂന്നാമത്തെ ജില്ലയാണ് മലപ്പുറം.