പെന്‍ഷന്‍ പ്രായം 58 ആക്കണം; ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചു

ommen-350x184തിരുവനന്തപുരം: പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിനുപുറമെ അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ കൂട്ടാന്‍ ശുപാര്‍ശയുണ്ട്‌. കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത്‌ 1,20,000 രൂപയുമാണ്‌. സമ്പൂര്‍ണ പെന്‍ഷന്‌ 25 വര്‍ഷം സര്‍വീസ്‌ മതിയെന്നാണ്‌ മറ്റൊരു പ്രധാനപ്പെട്ട ശുപാര്‍ശ. പുതിയ ശുപാര്‍ശകള്‍ 2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനും ശുപാര്‍ശയുണ്ട്‌. ജസിറ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

വാര്‍ഷിക വര്‍ധനവ്‌ 500 മുതല്‍ 2400 രൂപവരെയാണ്‌. വീട്ടുവാടക അലവന്‍സ്‌ 3000 രൂപ വരെയാണ്‌. കുറഞ്ഞ പെന്‍ഷന്‍ തുക 8500 രൂപയും, കൂടിയപെന്‍ഷന്‍ തുക 60,000 രൂപയുമാണ്‌. ശമ്പള പരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കലാക്കാനും 9 ശതമാനം ക്ഷാമബത്ത ശമ്പളത്തില്‍ ലയിപ്പിക്കാനും സ്‌പെഷ്യല്‍ പേ തുടരേണ്ടതുണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്‌.

പോലീസ്‌ അടക്കമുള്ള സര്‍വീസുകളില്‍ പ്രമോഷന്‌ കാര്യക്ഷമത മാനദണ്ഡമാക്കണം. ഹയര്‍സെക്കണ്ടറിയും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയും ഒറ്റവകുപ്പ്‌ ആക്കണം. അച്ചടി, സ്റ്റേഷനറി വകുപ്പുകള്‍ ഒറ്റവകുപ്പാക്കാനും ശുപാര്‍ശയുണ്ട്‌. ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്ക്‌ ഇരുപത്തിയെട്ടാം വര്‍ഷം ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ പദവി നല്‍കണം.

ഡിവൈഎസ്‌പി നിയമനം സര്‍വ്വീസ്‌ സെലക്ഷന്‍ ബോര്‍ഡ്‌ വഴിയാക്കണം.ഡിവൈഎസ്‌പി നിയമനത്തിന്‌ സീനിയോറിറ്റി അല്ല മെറിറ്റാണ്‌ പരിഗണിക്കേണ്ടത്‌. 100 പ്രധാനപ്പെട്ട പോലീസ്‌ സ്‌റ്റേഷനുകള്‍ സിഐമാരുടെ കീഴിലാക്കണം. വില്ലേജ്‌ ഓഫീസറെ ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്‌തികയിലേക്ക്‌ ഉയര്‍ത്തണം.ജീവനക്കാരുടെ പുനര്‍വിന്യാസമടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന്റെ അടുത്ത റിപ്പോര്‍ട്ടില്‍ പരിഗണിക്കും.

മന്ത്രിസഭയില്‍ ആലോചിച്ച്‌ വേഗത്തില്‍ തീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കമ്മിഷന്റെ റിപ്പോര്‍ട്ടിനെ കുറിച്ച്‌ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വെക്കുമെന്നാണ്‌ സൂചന.