ദയാവധത്തിന് ഉപാധികളോടെ അനുമതി

ദില്ലി: ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്കാണ് ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി. അന്തസായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ മരിക്കാനുളള അവകാശവും പൗരനുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി.

ഗുരുതമായ രോഗത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഉറപ്പായ വ്യക്തികള്‍ക്ക് മുന്‍കൂട്ടി മരണതാല്‍പര്യപത്രം തയാറാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡും ഹൈകോടതിയും അനുമതി നല്‍കിയാല്‍ മാത്രമേ ദയാവധം സാധ്യമാവു. രോഗികള്‍ക്ക് ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്ന് വെക്കും. പെട്ടെന്ന് മരുന്ന് കുത്തിവെച്ചുള്ള മരണം അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരപതിറ്റാണ്ട് നീണ്ടു നിന്ന നിയമ പോരാട്ടത്തിന് ശേഷമാണ് കേസില്‍ സുപ്രീംകോടതിയുടെ വിധി ഇപ്പോള്‍ വന്നിരിക്കുന്നത്.

മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭുഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

Related Articles