പിഡിപിക്കാര്‍ മനഃസാക്ഷി വോട്ട് ചെയ്യണം; മഅ്ദനി

madaniമംഗലാപുരം: കേരളത്തിലെ പിഡിപി പ്രവര്‍ത്തകര്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ഫാസിസത്തിനെതിരെ മതേതര കൂട്ടായ്മ രൂപപ്പെടണമെന്ന് മഅ്ദനി പറഞ്ഞു. തന്റെ മോചനം സംബന്ധിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മഅ്ദനി പറഞ്ഞു.

വാര്‍ത്താകുറിപ്പിലൂടെയാണ് മഅ്ദനി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പിഡിപി സംസ്ഥാന സമിതിയോഗം ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം മഅ്ദനിക്ക് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മഅ്ദനി നിലപാട് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

രാജ്യത്ത് ഫാസിസത്തിനെതിരെ കൂട്ടായ്മ രൂപപ്പെടണമെന്നും മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും മഅ്ദനി ആവശ്യപ്പെട്ടു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ പിഡിപി തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഗോദയിലുണ്ടാവുമെന്നും മുന്നണികള്‍ക്ക് വോട്ട് പതിച്ച് നല്‍കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മഅ്ദനി പറഞ്ഞു.