പിസി ജോര്‍ജ്ജ് രാജികത്ത് നല്‍കി

pcgeorgeതിരു: ചീഫ്‌വിപ്പ് സ്ഥാനം രാജി വെച്ച് പി സി ജോര്‍ജ്ജ് മാണിക്ക് രാജികത്ത് കൈമാറി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥനസര്‍ക്കാര്‍ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് പിസി ജോര്‍ജ്ജിന്റെ രാജി. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് നാളെ കോട്ടയത്ത് കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതിയോഗം നടക്കും.

റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിച്ച് കേന്ദ്രം കരട് വിജ്ഞാപനം ഇറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ ഏറെ വൈകിയാണ് കരട് വിജ്ഞാപനം ഇല്ല എന്നറിയുന്നത്. ഇതോടെയാണ് രാജിവെക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്ന നേതാക്കള്‍ തീരുമാനം കടുപ്പിച്ചത്. പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന ഘടകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ അനുനയിപ്പിച്ചിരുന്നത് ഈ കരട് വിജ്ഞാപനം ചൂണ്ടി കാണിച്ചായിരുന്നു. കരട് വിജ്ഞാപനം പോലും ഇല്ലാത്ത സാഹചര്യത്തില്‍ മാണി വിഭാഗത്തെ അനുനയിപ്പിക്കാന്‍ എളുപ്പമല്ല.

മലയോര മേഖലക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ ശക്തമായ പ്രതിഷേധം തങ്ങളുടെ വോട്ട് ബാങ്കിനെ ബാധിക്കുമെന്ന ഭയത്താലാണ് മാണി വിഭാഗം റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്.