പിസി ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ്‌ സെക്കുലറില്‍ നിന്ന്‌ പുറത്താക്കി

pcgeorgeകൊച്ചി: പി സി ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ്‌ സെക്കുലറില്‍ നിന്ന്‌ പുറത്താക്കി. ഇടതുമുന്നണിയുമായുള്ള സഹകരണവും അവസാനിപ്പിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ ടി എസ്‌ ജോണ്‍ അറിയിച്ചു. അതെസമയം കേരളാ കോണ്‍ഗ്രസ്‌ സെക്കുലറിനെ ഘടകകക്ഷിയാക്കില്ലെന്ന ഇടതുമുന്നണി തീരുമാനമാണ്‌ ഇപ്പോഴത്തെ പിന്‍മാറ്റത്തിനു പിന്നിലെന്നാണു സൂചന.

പി സി ജോര്‍ജ്ജ്‌ സിപിഎമ്മിന്‌ അനുകൂലമായ നിലപാടെടുത്തെന്നും യുഡിഎഫ്‌ നേതാക്കളെ പേരെടുത്ത്‌ പറഞ്ഞ്‌ വിമര്‍ശിച്ചെന്നുമാണ്‌ കുറ്റം. പാര്‍ട്ടി നയങ്ങള്‍ക്ക്‌ വിരുദ്ധമാണിത്‌. സമുന്നതരായ വ്യകതികളെ അധിക്ഷേപിക്കരുതെന്നു പി.സി ജോര്‍ജ്ജിനോട്‌ പലതവണ നിര്‍ദേശിച്ചിട്ടും മനസിലാകുന്നില്ല. അതിനാലാണ്‌ പുറത്താക്കുന്നതെന്നാണ്‌ ടി എസ്‌ ജോണ്‍ പറയുന്നത്‌.

സിപിഎമ്മും ഇടതുമുന്നണിയുമായി പി സി ജോര്‍ജ്ജിന്‌ അടുപ്പമുണ്ടെങ്കിലും തങ്ങള്‍ക്ക്‌ അങ്ങനെയല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ തങ്ങള്‍ സഹകരിക്കിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അങ്ങനെതന്നെയെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. അതിനോട്‌ സെക്കുലറിനു യോജിപ്പില്ല.
സെക്കുലറിനെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടി എസ്‌ ജോണ്‍ അടക്കമുള്ള നേതാക്കള്‍. പ്രമുഖ നേതാക്കള്‍ പലരും നിയമസഭാ സീറ്റും പ്രതീക്ഷിച്ചിരുന്നു. പ്രാദേശിക സഹകരണമേ സെക്കുലറുമായി ഉള്ളുവെന്ന്‌ ഇടതുമുന്നണി നയം വ്യക്തമാക്കിയതോടെയാണു സെക്കുലര്‍ സകല ബന്ധവും അവസാനിപ്പിച്ചത്‌.

കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ പി സി ജോര്‍ജ്ജ്‌ സെക്കുലര്‍ പാര്‍ട്ടിയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ബാര്‍ കോഴക്കേസില്‍ കെ എം മാണിയുമായും യുഡിഎഫുമായും ഉള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്‌ ചീഫ്‌ വിപ്പ്‌ സ്ഥാനവും എംഎല്‍എ സ്ഥാനവും പി സി ജോര്‍ജ്ജ്‌ രാജി വെച്ചിരുന്നു.