പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ വിധി പറയുന്നത്‌ മാറ്റിവെച്ചു

Untitled-1 copyതിരുവനന്തപുരം: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ വിധി പറയുന്നത്‌ മാറ്റിവെച്ചു. 3 പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ വിധി പറയുന്നത്‌ മാറ്റിയത്‌. ജയചന്ദ്രന്‍, സുജിത്ത്‌, ഹസ്സന്‍ സന്തോഷ്‌ എന്നിവരാണ്‌ ഹാജരാകാതിരുന്നത്‌. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കേസില്‍ 14 പ്രതികളാണുള്ളത്‌.

2009 ആഗസ്റ്റ്‌ 21 ന്‌ അര്‍ദ്ധരാത്രിയിലാണ്‌ പോള്‍ മുത്തൂറ്റ്‌ ആലപ്പുഴ ജ്യോതി ജംഗ്‌ഷനില്‍ വെച്ച്‌ കുത്തേറ്റ്‌ മരിച്ചത്‌. ചങ്ങനാശ്ശേരിയില്‍ നിന്നും മണ്ണഞ്ചേരിയിലേക്ക്‌ പോവുകയായിരുന്ന ക്വട്ടേഷന്‍ സംഘവും പോളുമായി ഒരു വാഹനാപകടത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന കാരി സതീഷും സംഘവും പോളിനെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു വെന്നാണ്‌ സിബിഐയുടെ കേസ്‌. ഗുണ്ടാ ആക്രമണത്തിനും ഗൂഡാലോചനയ്‌ക്കും രണ്ടു കുറ്റപത്രങ്ങളാണ്‌ സിബിഐ സമര്‍പ്പിച്ചത്‌.

ആദ്യം എറണാകുളം റെയ്‌ഞ്ച്‌ ഐജിയായിരുന്ന വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ അപാകതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പോളിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ അന്വേഷണം സിബിഐക്ക്‌ കോടതി കൈമാറിയത്‌. സംഭവം നടന്ന ദിവസം പോളും ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നു. കുത്തേറ്റ്‌ പോള്‍ വീണ ശേഷം വാഹനവുമായി കടന്നു കളഞ്ഞ രാജേഷിനെയും ഓം പ്രകാശിനെയും പോലീസ്‌ പ്രതിയാക്കിയിരുന്നു. രണ്ടുപേരെ പോലീസ്‌ സാക്ഷികളാക്കി. പോലീസ്‌ പ്രതിയാക്കി എട്ടുപേരെ സിബിഐ സാക്ഷികളാക്കുകയും ഏഴു പേരെ മാപ്പുസാക്ഷികളാക്കുകയും ചെയ്‌തു. പോലീസിന്റെ പട്ടികയില്‍ ഇല്ലാത്ത നാലുപേരെ സിബിഐ പ്രതിയാക്കി.