പത്താന്‍കോട്ടില്‍ തിരച്ചിലിനിടെ ഗ്രനേഡ്‌ പൊട്ടിത്തെറിച്ച്‌ മലയാളി ലഫ്‌.കേണല്‍ മരിച്ചു

niranjan-kumarപത്താന്‍കോട്ട്‌: പഞ്ചാബിലെ പത്താന്‍കോട്ട്‌ വ്യോമസേനാ താവളത്തില്‍ ഭീകരര്‍ക്കുവേണ്ടി നടത്തിയ തിരച്ചിലിനിടെ ഗ്രനേഡ്‌ പൊട്ടിത്തെറിച്ച്‌ മലയാളിയായ എന്‍എസ്‌ജി കമാന്‍ഡോ ലഫ്‌.കേണല്‍ നിരജ്ഞന്‍ കുമാര്‍ മരണപ്പെട്ടു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന്‌ ഗ്രനേഡ്‌ മാറ്റുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌.

പാലക്കാട്‌ സ്വദേശിയാണ്‌ നിരജ്ഞന്‍ കുമാര്‍. ശവരാജന്‍-രാധ ദമ്പതികളുടെ മകനാണ്‌. മണ്ണാര്‍ക്കാട്‌ എളമ്പലാശ്ശേരിയിലാണ്‌ ഇദേഹത്തിന്റെ തറവാട്‌. അപകടത്തില്‍ നാല്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങാണ്‌ നിരജ്ഞന്‍കുമാറിന്റെ മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്‌.

ഇന്നു രാവിലെയാണ്‌ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി തിരച്ചില്‍ പുനഃരാരംഭിച്ചത്‌. തിരച്ചിലിനിടയില്‍ ഭീകരരുടെ കൈവശമുണ്ടായിരുന്ന എ കെ 47 റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, ഗ്രനേഡ്‌,ജിപിഎസ്‌ എന്നിവ കണ്ടെടുത്തു.

ഇന്നലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തിനുനേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന്‌ സൈനികരും അഞ്ച്‌ തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. വ്യോമസേന താവളത്തിലുള്ള മിഗ്‌ 21, മിഗ്‌ 25 പോര്‍ വിമാനങ്ങളും സൈനിക ഹെലികോപ്‌റ്ററുകളും നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന്‌ 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമാണിത്‌.