500 രൂപ മുടക്കിയ ആള്‍ക്ക്‌ 20 രൂപയുടെ മുത്തുമാല;പരപ്പനങ്ങാടി സ്വദേശി തട്ടിപ്പിനിരയായി

parappannangadiപരപ്പനങ്ങാടി: ഫോണിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന്‌ അറിയിപ്പ്‌ നല്‍കി തപാല്‍ വകുപ്പിന്റെ വി.പി.പി സൗകര്യം ഉപയോഗപ്പെടുത്തി കബളിപ്പിച്ചതായി പരാതി. പരപ്പനങ്ങാടി സ്വദേശി ഇയ്യശ്ശേരി ഹുസൈനാണ്‌ തട്ടിപ്പിനിരയായത്‌. രണ്ടു മാസം മുമ്പാണ്‌ പരപ്പനങ്ങാടി സ്വദേശി ഇയ്യശ്ശേരി ഹുസൈന്‌ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ ഫോണില്‍ അറിയിപ്പ്‌ ലഭിച്ചത്‌. സാധനം തപാല്‍ വഴി വരുമെന്നും അറിയിച്ചിരുന്നത്രെ. പക്ഷെ ഹുസൈന്‍ അന്നതത്ര കാര്യമാക്കിയില്ല. എന്നാല്‍ ബുധനാഴ്‌ചയാണ്‌ പേസ്റ്റോഫീസില്‍ നിന്നും സാധനമെത്തിയ വിവരം ലഭിക്കുന്നത്‌. സാധനം കൈപ്പറ്റാന്‍ പോസ്റ്റോഫീസിലെത്തിയ ഹുസൈനോട്‌ 525 രൂപ അടക്കാന്‍ അറിയിച്ചപ്പോഴാണ്‌ ഹുസൈന്‌ തനിക്ക്‌ പറ്റിയ അമളി മനസ്സിലായത്‌. ഏതായാലും പണമടച്ച്‌ സാധനം കൈപ്പറ്റി പൊട്ടിച്ചു നോക്കിയപ്പോഴാണ്‌ താന്‍ കബളിപ്പിക്കപ്പെട്ടെന്നുറപ്പിച്ചത്‌. പൊട്ടിച്ച കവറിലാകട്ടെ 20 രൂപപോലും വിലയില്ലാത്ത ഒരു ഫാന്‍സി മുത്തുമാല മാത്രം. ഇത്തരത്തില്‍ തപാല്‍ വകുപ്പിന്റെ വി.പി.പി സൗകര്യം ഉപയോഗപ്പെടുത്തി പലവധത്തിലും തട്ടിപ്പ്‌ വ്യാപകമായിരിക്കുകയാണ്‌. ഹൈദരാബാദില്‍ നിന്നുളള പാര്‍സലായിട്ടാണ്‌ കവറില്‍ അഡ്രസെഴുതിയിട്ടുളളത്‌. ഏതായാലും താന്‍ കബളിപ്പിക്കപ്പെട്ടത്‌ പോലെ മറ്റാരും ഇത്തരത്തില്‍ ചതിയില്‍ പെടരുതെന്നാണ്‌ ഹുസൈന്‍ പറയുന്നത്‌.