ശക്തമായി തിരിച്ചടിച്ച്‌ ഫ്രാന്‍സ്‌;ഐഎസ്‌ കേന്ദ്രങ്ങളില്‍ ബോംബ്‌ വര്‍ഷം

Story dated:Monday November 16th, 2015,12 32:pm

images (1)പാരിസ്‌: ഐസ്‌ ഭീകരര്‍ക്ക്‌ നേരെ ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വ ഒലോന്‍ദിന്റെ പ്രതിജ്ഞ യാഥര്‍ത്ഥ്യമാക്കിക്കൊണ്ട്‌ സിറിയയിലെ ഭീകര കേന്ദ്രങ്ങള്‍ക്ക്‌ നേരെ ഫ്രഞ്ച്‌ സൈന്യത്തിന്റെ ശക്തമായ ബോംബ്‌ വര്‍ഷം. ഞായറാഴ്‌ച രാത്രിയില്‍ നടന്ന വ്യോമാക്രമമത്തില്‍ പത്ത്‌ ഫൈറ്റര്‍ ജെറ്റുകളടക്കം പന്ത്രണ്ട്‌ യുദ്ധ വിമാനങ്ങളുമായാണ്‌ റാഖ നഗരത്തിലെ ഐഎസ്‌ പരിശീലന ക്യാമ്പുകളില്‍ ഫ്രാന്‍സ്‌ ആക്രമണം നടത്തിയത്‌. 20 ബോംബുകളാണ്‌ ഫ്രഞ്ച്‌ സൈന്യം ഇവിടെ വര്‍ഷിച്ചത്‌. പാരീസ്‌ ഭീകരാക്രമണം പ്ലാന്‍ ചെയ്‌തത്‌ ഇവിടെ നിന്നാണെന്ന്‌ ഇറാഖ്‌ ഇന്റലിജന്‍സ്‌ സൂചന ലഭിച്ചിട്ടുണ്ട്‌.

ഐഎസിനെതിരെയുള്ള പോരട്ടം കഴിഞ്ഞ സെപ്‌റ്റംബറില്‍ വ്യപിപ്പിച്ചതിന്‌ ശേഷം ഫ്രാന്‍സ്‌ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിതെന്ന്‌ ഫ്രഞ്ച്‌ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രണത്തിന്‌ യുഎസ്‌ സൈന്യവും പിന്തുണച്ചിട്ടുണ്ട്‌.

അതേസമയം പാരിസ്‌ ആക്രമണവുമായി ബന്ധപ്പെട്ട്‌ ഏഴു പേരെ അറസ്റ്റു ചെയ്‌തതായും മറ്റു പലര്‍ക്കുമായും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതായും ഫ്രഞ്ച്‌ പോലീസ്‌ അറിയിച്ചു. ഭീകരരെ നഗരത്തിലെത്താന്‍ സഹായിച്ച സലാ അബെദസലാം എന്ന 26 കാരനെ ശനിയാഴ്‌ച മുന്നില്‍ക്കിട്ടിയെങ്കിലും തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ പിടികൂടാനായില്ലെന്നും ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തുകയാണെന്നും പോലീസ്‌ വ്യക്തമാക്കി.

കഴിഞ്ഞവെള്ളിയാഴ്‌ച രാത്രി ഫ്രാന്‍സ്‌ തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ 129 പേരാണ്‌ കൊല്ലപ്പെട്ടത്‌.