ഫ്രാന്‍സില്‍ ഭീകരാക്രമണം;153 മരണം

Paris-attack-Terroristsഫ്രാന്‍സിലുണ്ടായ സ്‌ഫോടന പരമ്പരയിലും വെടിവെപ്പിലും 153 ഓളം പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ഫ്രഞ്ച്‌-ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ മത്സരം നടക്കുകയായിരുന്ന സ്‌റ്റേഡിയത്തിന്‌ സമീപവും തിരക്കേറിയ റസ്റ്റേറന്റുകളിലും ബാറുകളിലുമുള്‍പ്പെടെ എട്ടു സ്ഥലങ്ങളിലാണ്‌ ചാവേര്‍ ആക്രമണം നടന്നത്‌. ആക്രമണം നടന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയിരുന്ന ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വ ഒലോന്‍ദോയും വിദേശകാര്യമന്ത്രി ഫ്രാങ്ക്‌ വാള്‍ട്ടര്‍ സെറ്റയിന്‍മന്റെയും പിന്നീട്‌ സുരക്ഷിത സ്ഥനത്തേക്ക്‌ മാറ്റി. അമേരിക്കന്‍ ബാന്റിന്റെ സംഗീത പരിപാടി നടന്ന്‌ മധ്യപാരീസിലെ ബാറ്റാക്ലാന്‍ തീയറ്ററിലും തീവ്രവാദികള്‍ ആക്രമണം നടത്തി. ഏറെപ്പേര്‍ കൊല്ലപ്പെട്ടത്‌ ഇവിടെയാണ്‌. ഇവിടെ കലാപരിപാടികാണാനെത്തിയ നിരവധി പേരെ ബന്ധികളാക്കുകയും ചെയ്‌തു.

അതെസമയം ആക്രമണത്തിന്‌ പിന്നില്‍ ആരാണെന്ന്‌ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദികളാണെന്നാണ്‌ സൂചന. സിറിയയിലും ഇറാഖിലും ഇസ്ലാമിക്‌ സ്റ്റേറ്റിനെതിരെ നടന്ന വ്യോമാക്രമണങ്ങളില്‍ ഫ്രാന്‍സ്‌ പങ്കാളിയായതിന്‌ പ്രതികാരമായാണ്‌ ആക്രമം നടത്തിയതെന്നാണ്‌ സൂചന.

ആക്രമണത്തെ തുടര്‍ന്ന്‌ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട്‌ വീടുകളില്‍ നിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അന്താരാഷ്ട്ര അതിര്‍ത്തികളും രാജ്യത്തെ തീയറ്ററുകളുള്‍പ്പെട്ട പൊതുസ്ഥലങ്ങളും താല്‍കാലികമായി അടച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധി പ്രഖ്യാപിച്ചു. എന്നാല്‍ വ്യോമഗതാഗതത്തിന്‌ തടസ്സമുണ്ടാവില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

അക്രമം നടന്ന സ്ഥങ്ങള്‍ പൂര്‍ണമായും സൈന്യത്തിന്റെ സംരക്ഷണയിലാണ്‌. രാജ്യത്ത്‌ വ്യാപകമായി തിരച്ചില്‍ നടത്താനും ആയുധങ്ങള്‍ പിടിച്ചെടുക്കാനും പ്രസിഡന്റ്‌ സൈന്യത്തിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ആക്രമികള്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. സൈന്യം നടത്തിയ ഓപ്പറേഷനില്‍ എട്ട്‌ ഭീകരരെ വധിച്ചു. ഒരളെ പിടികൂടിയിട്ടുമുണ്ട്‌.

ഫ്രാന്‍സിനുനേരെയുണ്ടായ ആക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം ശക്തിയായി അപലപിച്ചു.