ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ കാര്യത്തിലെ അനീതി തിരുത്താനായത്‌ വലിയ നേട്ടം- മുഖ്യമന്ത്രി

പരപ്പനങ്ങാടി റീജനല്‍ സയന്‍സ്‌ സെന്ററിന്‌ തറക്കല്ലിട്ടു

parappanangdi ummanchandyപരപ്പനങ്ങാടി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന അനീതി തിരുത്താനായതാണ്‌ വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ വിഭാഗം കുട്ടികള്‍ക്കും പ്ലസ്‌ടു വരെ സംസ്ഥാനത്ത്‌ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ ഇതുവരെ അത്‌ ലഭ്യമായിരുന്നില്ല. ഒരു എയ്‌ഡഡ്‌ സ്‌പഷല്‍ സ്‌കൂള്‍ മാത്രമാണ്‌ സംസ്ഥാനത്ത്‌ ഉണ്ടായിരുന്നത്‌. ബാക്കിയെല്ലാം വന്‍ തുക ഫീസ്‌ നല്‍കേണ്ട സ്വകാര്യ സ്‌കൂളുകളായിരുന്നു. താനുള്‍പ്പെടെ അധികാരത്തിലിരുന്ന എല്ലാവരുടെ കാലത്തും ഈ അനീതി നിലനിന്നു. അര്‍ഹതപ്പെട്ട മുഴുവന്‍ സ്‌കൂളുകള്‍ക്കും എയ്‌ഡഡ്‌ പദവി നല്‍കിയതിലൂടെ അവഗണിക്കപ്പെട്ട, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഈ കുട്ടികളോടുള്ള നീതി നിഷേധമാണ്‌ അവസാനിപ്പിച്ചതെന്നും ഇതാണ്‌ സര്‍ക്കാര്‍ മുന്നോട്ടു വെയ്‌ക്കുന്ന കരുതലിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ, പരപ്പനങ്ങാടിയില്‍ നിര്‍മിക്കുന്ന റീജനല്‍ സയന്‍സ്‌ സെന്റര്‍ ആന്‍ഡ്‌ പ്ലാനറ്റേറിയത്തിന്റെയും കീരനല്ലൂര്‍ ന്യൂകട്ട്‌ ടൂറിസം പദ്ധതിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലത്തിങ്ങല്‍ അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അധ്യക്ഷനായി.
മലബാറിന്റെ ടൂറിസം വികസനത്തിനും വിദ്യാര്‍ഥികളില്‍ ശാസ്‌ത്ര അവബോധം വലര്‍ത്തുന്നതിനും പരപ്പനങ്ങാടിയിലെ ബഹുമുഖ പദ്ധതി സഹായകമാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പരപ്പനങ്ങാടിയിലെ നിര്‍ദിഷ്‌ട തുറമുഖം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി., കെ. കുട്ടി അഹ്‌മദ്‌ കുട്ടി, പി.എം.എ. സലാം, ഉമ്മര്‍ ഒട്ടുമ്മല്‍, ബ്ലോക്ക്‌- ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി.വി. ജമീല, എ.കെ. അബ്‌ദുറഹ്‌മാന്‍, ജമീല അബൂബക്കര്‍, സീനത്ത്‌ ആലിബാപ്പു, എം. അബ്‌ദുറഹ്‌മാന്‍ കുട്ടി, സഫിയ അബൂബക്കര്‍, മാതോളി നപീസു, എന്‍. ബാവ, തൈക്കാടന്‍ ഹനീഫ, എം.പി. അഷ്‌റഫ്‌, ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ അഡീഷനല്‍ സെക്രട്ടറി എം. ഷരീഫ്‌, ഡി.ടി.പി.സി. സെക്രട്ടറി വി. ഉമ്മര്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു.