പരപ്പനങ്ങാടിയില്‍ കടലാക്രമണം തുടരുന്നു; സബ്‌കലക്ടറും സംഘവും തീരം സന്ദര്‍ശിച്ചു

parappananagdi beach 1പരപ്പനങ്ങാടി: കടലോരത്തെ കെട്ടിടങ്ങളും മത്സ്യചാപ്പകളും ഖബര്‍സ്ഥാനുമടക്കം തകര്‍ച്ചാ ഭീഷണി നേരിട്ടുകൊണ്ടിരിക്കെ പരപ്പനങ്ങാടി ചാപ്പപടിയില്‍ കടലാക്രമണം രൂക്ഷമായി. എസ്‌ എസ്‌ ആര്‍, എം ആര്‍ സി, കെ പി എസ്‌, എന്‍ ആര്‍ മത്സ്യകച്ചവട കമ്പനികളുടെ മീന്‍ചാപ്പകളാണ്‌ കടലാക്രമണത്തില്‍ തകര്‍ന്നത്‌. സമീപത്തെ മറ്റു മത്സ്യചാപ്പകളും തകര്‍ച്ചാ ഭീഷണിയിലാണ്‌. അതിനിടെ ഒരാഴ്‌ചയിലേറെയായി കടലാക്രമണം തുടരുന്ന ചാപ്പപടി കടലോരം തിങ്കളാഴ്‌ച സബ്‌കളക്ടറും റവന്യൂ സംഘവും സന്ദര്‍ശിച്ചു.

parappananagdi beach 2സബ്‌കളക്ടര്‍ ഡോ.ആദില അബ്ദുള്ള, തഹസില്‍ദാര്‍ സി.അബ്ദുല്‍ റഷീദ്‌, വില്ലേജ്‌ ഓഫീസര്‍ അജിത്‌ കുമാര്‍ എന്നിവരാണ്‌ സ്ഥലം സന്ദര്‍ശിച്ചത്‌. ഫണ്ട്‌ നേരത്തെ വകയിരുത്തിയതില്‍ നിന്നും പ്രദേശത്ത്‌ കോര്‍വാള്‍ നിര്‍മിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന്‌ സബ്‌കലക്ടര്‍ പറഞ്ഞു. 42 ലക്ഷം രൂപ നേരത്തെ പ്രദേശത്ത്‌ കടല്‍ഭിത്തി നിര്‍മിക്കാന്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങളും ജനങ്ങളുടെ പ്രതിഷേധവും പരിഹരിക്കാത്തതിനാല്‍ കരാറുകാരന്‍ പാതിവഴിയില്‍ പിന്‍വലിയുകയായിരുന്നു.

കടലോരം സന്ദര്‍ശിക്കാനെത്തിയ റവന്യു സംഘത്തെ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ ജമാല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

കടലാക്രമണത്തോടൊപ്പം കൊടും പട്ടിണിയും തീരത്ത്‌ സങ്കടകടലിരമ്പം തീര്‍ക്കുകയാണ്‌.