പരപ്പനങ്ങാടിയില്‍ ജനവാസകേന്ദ്രത്തില്‍ തൊണ്ടിവാഹനങ്ങള്‍ ഇടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

untitled-1-copyപരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിസരത്തും, ക്വാര്‍ട്ട് റോഡിലും നിര്‍ത്തിയിട്ടിരുന്ന കേസുകളില്‍ ഉള്‍പ്പെട്ട തൊണ്ടിവാഹനങ്ങള്‍ അഞ്ചപ്പുരയിലെ ജനവാസകേന്ദ്രത്തിന് സമീപത്തേക്ക് മാറ്റാനുള്ള പോലീസിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ സിഡബ്ല്യുഎസ്എ എന്ന സംഘടനയുടെ സന്നദ്ധപ്രവര്‍ത്തകര്‍ നഗര ശുചീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് നീക്കം ചെയ്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴേക്ക് നിര്‍ത്തിയിടാന്‍ ശ്രമിച്ചതോടെയാണ് സംഭത്തിന്റെ തുടക്കം.

ജെസിബി ഉപയോഗിച്ച് രണ്ട് വാഹനങ്ങള്‍ ഇവിടെ എത്തിച്ചതോടെ പരിസരവാസികള്‍ കൂട്ടത്തോടെയെത്തി വാഹനങ്ങള്‍ കൊണ്ടുവരുന്നത് തടയുകയായിരുന്നു. ഇതെതുടര്‍ന്ന് വാഹനങ്ങള്‍ ഇവിടേക്ക് കൊണ്ടുവരുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.

നിരവധി വിദ്യാര്‍ത്ഥികളും സ്ത്രീകളും കാല്‍നടയായിപോകുന്ന വഴിയാണിത്. ഇപ്പോള്‍തന്നെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണിവിടെ. ഇതിനിടയില്‍ ഈ വാഹനങ്ങള്‍കൂടി ഇവിടെ നിക്ഷേപിച്ചാല്‍ അത് സൈ്വര്യജീവിതത്തിന് കടുത്ത ഭീഷണിയാകുമെന്ന ആശങ്ക നാട്ടുകാര്‍ പങ്കുവെച്ചു.