പരപ്പനങ്ങാടി അടിപ്പാത അപകടം : നിര്‍മ്മാണം നടന്നത് സുരക്ഷാക്രമീകരണങ്ങളില്ലാതെ

പരപ്പനങ്ങാടി:പുത്തന്‍പീടിക റെയില്‍വേ അടിപ്പാത നിര്‍മ്മാണം നടന്നത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമില്ലാതെയെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. കടലുണ്ടി എടച്ചിറ സ്വദേശി സുഗുമാരന്‍, ഫറൂക് കല്ലന്‍പാറ സ്വദേശി സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്.

റെയില്‍പാളങ്ങള്‍ക്ക് താഴെ താല്‍ക്കാലിക ഇരുമ്പ് ഗര്‍ഡറുകള്‍ സ്ഥാപിച്ച് അതിനുതാഴെയുള്ള മണ്ണ് നീക്കം ചെയ്ത് അവിടെ കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരുന്നത്. മണ്ണിടിയാന്‍ സാധ്യത ഏറെയുള്ളതിനാല്‍ ഘട്ടം ഘട്ടമായി മണ്ണ് നീക്കി അവിടെ താല്‍ക്കാലികമായി മണല്‍ചാക്കുകള്‍ കൊണ്ട് മണ്ണ് ഇടിയുന്നത് തടഞ്ഞുനിര്‍ത്തിയാണ് പ്രവൃത്തി നടത്തേണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അവ നേരിടാനായി പ്രാഥമിക ശുശ്രൂഷയടക്കമുള്ള വൈദ്യസഹായങ്ങള്‍ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഒന്നുംതന്നെ നടത്തിയിരുന്നില്ല.

അപകടമുണ്ടായ സമയത്ത് രണ്ടുപേര്‍ മണ്ണിനടിയില്‍ പുതഞ്ഞുപോവുകയും ഒരാള്‍ പകുതിയോളം മണ്ണില്‍ ലാഴ്ന്ന് നില്‍ക്കുകയും ചെയ്തപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് ഓടിമാറാന്‍ മാത്രമാണ് സാധിച്ചത്. അപകട സമയത്ത് മണ്ണിടിയുന്ന ശബ്ദംകേട്ട് ഓടിയെത്തിയ തൊട്ടടുത്ത വീടുകളിലെ യുവാക്കളാണ് അരയോളം മണ്ണ് മൂടിയ ആളെ രക്ഷപ്പെടുത്തിയത്. മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. ഇതിനിടയില്‍ ആദ്യം കണ്ടെത്തിയ ആള്‍ക്ക് ജെസിബി തട്ടി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ ആളെ കണ്ടെടുക്കുമ്പോള്‍ അദേഹത്തിന് ജീവനുണ്ടായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കാത്ത് 15 മിനിറ്റോളം നില്‍ക്കേണ്ട അവസ്ഥയുമുണ്ടായി. പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇയാളെ പോലീസ് ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്.

നാലുമണിക്കൂര്‍ സമയമാണ് റെയില്‍വെ അടിപ്പാതയുടെ കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് അനുവദിച്ചിരുന്നത്. ഈ സമയത്തിനുള്ളില്‍ ആറ് കോണ്‍ഗ്രീറ്റ് ബോക്‌സുകളാണ് മാറ്റിവെക്കേണ്ടിയിരുന്നത്. ശനിയാഴ്ച അടിപ്പാതയുടെ പടിഞ്ഞാറുവശത്തെ ഏഴു കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ മണ്ണ് നീക്കി സ്ഥാപിച്ചിരുന്നു. ഇന്നലെ മണ്ണ് നീക്കം ചെയ്തത് ഡബിളിങ്ങിനായി പുതുതായി നിര്‍മ്മിച്ച പാതയുടെ അടിയിലാണ്. പത്തുവര്‍ഷം മുമ്പ് മാത്രമാണ് ഈ പതയ്ക്കായി മണ്ണിട്ട് ഇവിടെ ഉയര്‍ത്തിയത്. അതുകൊണ്ടാണ് ഇത്രപെട്ടന്ന് മണ്ണിടിയാന്‍ ഇടയായതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ കാര്യം ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാതെയാണ് കുത്തനെ മണ്ണെടുത്ത് പ്രവൃത്തികള്‍ നടത്തിയത്. ഇത് അപകടത്തിന്റെ ആഴം കൂട്ടുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പരപ്പനങ്ങാടി പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് 2 പേര്‍മരിച്ചു