മഷിക്കുപ്പി

മഷിക്കുപ്പി

സുരേഷ് രാമകൃഷ്ണന്‍

ആദ്യമൊന്നും ഞാൻ
അരെയും കാര്യമായ്
ശ്രദ്ധിച്ചതേയില്ല.
ശരിക്കും പറഞ്ഞാൽ
അങ്ങനെയൊരു ആവശ്യം
ഉണ്ടായിരുന്നില്ല.
ink-bottle-fountain-pen-vintage-43782905ഞാൻ അറിയാതെതന്നെ
എന്നെ എപ്പോഴും
ആരൊക്കയോ
ശ്രദ്ധിക്കുകയും,
അന്യേഷിക്കുകയും
ചെയ്തിരുന്നു.

അങ്ങാടീലെ ഏറ്റവും
വലിയ കടയാരുന്നു
അലവിക്കാൻറത്.
എന്തോ…
ചില ദിവസങ്ങളിൽ
എനിക്കവിടെ
കയറാൻ കഴിഞ്ഞില്ല !
പിന്നീടെപ്പൊഴെങ്കിലും
കാണുമ്പോൾ ഇത്തിരി
കുറുമ്പോടെ അയാൾ എന്റെ ദേഹത്തു തലോടും,
ആത്മാവിൽ തൊടാതെ .
മൂപ്പർക്ക് അതൊരു പൂതിയാണ് !
എന്നിട്ട് ചോദിക്കും
എവിടായിരന്നു ?

അപ്പോഴൊക്കെ
ചില്ലലമാരിയിലൂടെ
ഞാൻ ദൂരെ വഴിയിലേക്കു
നോക്കി നിന്നു .
സ്കൂൾ കുട്ടികളുടെ
ബഹളമായിരുന്നു കടയിൽ
അവർ പത്തുപൈസക്ക്
പേനയിൽ മഷി
നിറയ്ക്കുകയാണ് .
അവരുടെ കുഞ്ഞു വിരലിൽ
മഷി നനയുന്നു,
എന്റെ ഹൃദയവും ആ
നനവിലലിയുമായിരുന്നു.

അലവിക്കായോട്
ഞാൻ ഒന്നും എതിർത്തു
പറഞ്ഞില്ല ,എന്റെ നീലിച്ച
മിഴികൾ മൂപ്പരെ ഒന്നു
ചുറ്റിപിണഞ്ഞാൽ
അദ്ദേഹം അതിൽ കൊഴിഞ്ഞു വീഴും.
എനിക്കു വേണ്ട നാട്ടുകാര്യങ്ങളൊക്കെ
അല്പം ശ്രൃംഗാരത്തോടെയും
അതിലേറെ കാമനയോടെയും
പറഞ്ഞു തരുമായിരുന്നു.

“അലവിക്കാ ?
വാസു എന്നെ തിരക്കിയിരുന്നോ? “
അത്രയും ചോദിച്ചു തീർന്നില്ല
എന്റെ മുഖത്തു നിന്നും
പീടികമുറ്റത്ത് അരളിപ്പൂക്കൾ
കൊഴിഞ്ഞു വീണു.
അലവിക്ക എന്നെയൊന്ന്
അമർത്തിനോക്കി .
ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.
“ഇല്ല !വാസു വന്നില്ല ആ
മാധവിം, ബഷീറും ,ആ കാരൂര്
മൂപ്പരും വന്നിരുന്നു. നീയില്ലാന്ന്
പറഞ്ഞപ്പോ പിന്നെവരാന്ന്
പറഞ്ഞു അവരു പോയി. “

‘എന്തേ വാസു മാത്രം
വരാതിരുന്നത് ‘?
മനസൊന്നു പിടഞ്ഞു ….

അലവിക്ക ഇപ്പോഴില്ല!
മക്കളാണ് കട നടത്തുന്നത്
കടയിലിപ്പോഴും നല്ല തിരക്കാണ് !
അലവിക്കയുടെ
പഴംങ്കഥകൾ മാത്രമില്ല….
എന്തോ ഏറെക്കാലം
അനക്കമില്ലാതിരുന്നപ്പോൾ
പഴയതൊക്കെ വെറുതേ
ഓർത്തു പോയതാണ്.

വാസുവും, ബഷീറും,
മാധവിയും, കക്കാടും,
കാരൂരും,സച്ഛിയും, ബാലനും
അങ്ങനെ ആരൊക്കെ……
ഏതസമയത്തും അവരൊക്കെ
എന്നെ തിരഞ്ഞു
വന്നുകൊണ്ടിരുന്നു.
അവർക്കൊപ്പം
ഏതു പാതിരക്കും ഞാൻ
ഒന്നും കൂസാതിറങ്ങിപ്പോയി.

ഇപ്പോഴെന്നെ ആരും
തിരഞ്ഞു വരാറില്ല..!
എന്റെ തലച്ചോറിൽ
മരണം അതിന്റെ അവസാന
മിനുസപെടുത്തലുകൾക്ക്
ഉരമിടുകയാണ്.

വാസു…,
നിന്റെ സ്വർണ്ണ ചിറ്റുകളുള്ള
ചുണ്ടുകൾ എന്റെ
മാറിൽ ഒന്നു കൂടി മുക്കിവെയ്ക്കു…
ഞാൻ ഒരിക്കൽക്കൂടി
മഞ്ഞാവട്ടെ, കാലമാവട്ടെ
ഇവിടെ ഞാൻ നഷ്ടപ്പെട്ട
നീലാംബരിയും, മരിച്ച
ബാല്യകാല സഖിയുമാണ്
എന്നെയീ ഏകാന്തത ഭ്രാന്തിയാക്കുന്നു .
ഒരിക്കൽ കൂടി ……
ഒരിക്കൽകൂടി മാത്രം….
ഞാനൊന്നു ഗർവ്വിഷ്ടയായ്
നിന്റെ വൈഢൂര്യത്തിന്റെ
മൂർച്ചയുള്ള പേനയിൽ
ഒന്നു തെളിയട്ടെ…!

മാധവിയും, ബഷീറും
മറ്റു പലരും പെയ്തു
തീർന്നു.വാസുവെങ്കിലും
വരുമെന്നു കരുതി!
ഇല്ലാ! ഇനിയാരെയും
കാക്കുന്നില്ല .
എല്ലാവരും വിരലുകൊണ്ട്
ചില്ലിലെഴുതുന്നു,
ചില്ലിൽ നിന്നു വായിക്കുന്നു .
വാസുവിനും ഇപ്പോ
മഷി വേണ്ടാത്രേ!
ഇനി….. ഇനി…
ഞാനെന്തിനാണ് ഇവിടെ !

അലവിക്കായുടെ
ചില്ലലമാരിയിൽ നിന്നും
നീലമഷിക്കുപ്പി
താഴെത്തറയിലേക്ക്
ചില്ലുടഞ്ഞു ചിതറി ….