പരപ്പനങ്ങാടിയില്‍ ട്രെയിനിനു മുന്നില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സമീപവാസികള്‍ രക്ഷപ്പെടുത്തി

Untitled-1 copyപരപ്പനങ്ങാടി: ട്രെയിന്‍ കടന്നുവരുന്ന സമയത്ത്‌ ട്രാക്കില്‍ കിടന്ന വിദ്യാര്‍ത്ഥിയുടെ ജീവന്‍ സമീപവാസികളുടെ സമയോചിതമായ ഇടപെടല്‍മൂലം രക്ഷപ്പെടുത്താനായി. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒന്നരമണിയോടെയാണ്‌ പരപ്പനങ്ങാടി പഴയ റെയില്‍വേ ഗേറ്റിനും ഓവര്‍ബ്രിഡ്‌ജിനും ഇടയ്‌ക്ക്‌ ട്രാക്കില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ഉച്ചയ്‌ക്കുള്ള മംഗലാപുരം കോയമ്പത്തൂര്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ രണ്ടാം ട്രാക്കിലേക്ക്‌ കടന്നുവരാനിരിക്കെ ഒരാള്‍ ട്രാക്കില്‍ കിടക്കുന്നത്‌ കണ്ട്‌ അസ്വാഭാവികത തോന്നിയ സമീപവാസിയായ ഒരു കുട്ടി വീട്ടിലേക്ക്‌ ഓടിച്ചെന്ന്‌ വിവരം പറയുകയും സ്‌ത്രീകളടക്കമുള്ള വീട്ടുകാര്‍ ട്രാക്കിലേക്ക്‌ ഓടിയെത്തി യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടയ്‌ക്ക്‌ ഈ ട്രാക്കിലേക്ക്‌ കടന്നുവന്ന ട്രെയിന്‍ സമീപവാസികളും നാട്ടുകാരും ചേര്‍ന്ന്‌ ബഹളം വെച്ച്‌ നിര്‍ത്തിക്കുകയായിരുന്നു. ട്രെയിന്‍ വന്നത്‌ രണ്ടാം പ്ലാറ്റ്‌ ഫോറത്തിലേക്കായതിനാല്‍ വേഗത കുറഞ്ഞതുകൊണ്ടാണ്‌ നിര്‍ത്താന്‍ സാധിച്ചത്‌. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ റെയില്‍വേ അധികൃതര്‍ യുവാവിനെ പോലീസിന്‌ കൈമാറുകയായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായ യുവാവ്‌ ചെമ്മാട്‌ കൊടിഞ്ഞി സ്വദേശിയാണെന്നാണ്‌ പ്രാഥമിക വിവരം.