പരപ്പനങ്ങാടി റോഡ് കയ്യേറ്റം;സിപിഎം പ്രത്യക്ഷ സമരത്തിന്

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരത്തില്‍ റെയില്‍വേസ്റ്റേഷന്‍ മുതല്‍ അഞ്ചപ്പുര വരെ നിലവിലെ റോഡ് കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കാതെ കുറഞ്ഞവീതിയില്‍ പാത നവീകരിക്കാനുള്ള ഉദ്യോഗസ്ഥ നീക്കം തടയുമെന്ന് സിപിഎം.

ചില കെട്ടിട ഉടമകള്‍ വര്‍ഷങ്ങളായി പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവിലെ റോഡിന്റെ വീതി കുറയാന്‍ കാരണമെന്നും, അങ്ങിനെ കയ്യേറിയ സ്ഥലങ്ങള്‍ ഒഴുപ്പിക്കാതെ ഡ്രൈനേജ് നിര്‍മ്മിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. ഇതിന് പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഇതില്‍ അഴിമതിയുണ്ടെന്നും സിപിഎം ആരോപിച്ചു.

കാലതാമസം കൂടാതെ കൃത്യമായ സര്‍വ്വേ നടത്തി മുഖം നോക്കാതെ കയ്യേറ്റങ്ങള്‍ ഒഴുപ്പിച്ച് ഡ്രൈനേജ് നിര്‍മ്മാണവും റോഡ് നവീകരണവും നടത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ്മന്ത്രിയുള്‍പ്പെടെയുള്ള ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.

നിലവിലെ സര്‍വ്വേയില്‍ അപാകതയുണ്ടെന്നും വീണ്ടും സര്‍വ്വേ നടത്തി സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കുകയും ഈ തീരുമാനം ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു.