പരപ്പനങ്ങാടിയില്‍ വാഹനങ്ങളുടെ കൂട്ടയിടി: ഓരാള്‍ക്ക് പരിക്ക്

parappanangadi accident copyപരപ്പനങ്ങാടി : പരപ്പനങ്ങാടി കോഴിക്കോട് റോഡില്‍ കൊടപ്പാളിയില്‍ മൂന്ന് വാഹനങ്ങള്‍ ഒരേ സമയം കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടെക്കു പോകുന്ന കണ്ടൈനര്‍ ലോറിയും എതിരെ വന്ന മംഗലാപുരത്തു നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന പഞ്ചസാര കയറ്റിവരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടക്കുന്ന സമയത്ത് പിന്നാലെ വന്നുകൊണ്ടിരുന്ന ഒരു ഇന്നോവ കാര്‍ പഞ്ചസാര ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇന്നോവ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും ലോറിക്കടിയിലായി പോയി.

പഞ്ചസാര ലോറിയിലെ ഡ്രൈവറായ കാസര്‍കോട് സ്വേദേശി സി സുരേഷിനാണ് പരിക്കേറ്റത്. ഇയാളുടെ കാലിന്റെ തുടയെല്ല് മുറിഞ്ഞിട്ടുണ്ട്. ഇയാളെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുവായൂരിലേക്ക് പോകുകയായിരുന്നു ഇന്നോവ കാറിലുള്ള യാത്രക്കാര്‍ക്ക് യാതൊരു പരിക്കുമേറ്റിട്ടില്ല.

രാവിലെ പതിനൊന്നു മണിയോടെ ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങള്‍ എടുത്തു മാറ്റിയാണ് ഗാതഗതം പുനസ്ഥാപിച്ചത്