ജാതിപ്പേര് വിളിച്ച് വനിത കൗണ്‍സിലറെ അപമാനിച്ച കേസിലെ പ്രതിയെ എംഎല്‍എ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി

പരപ്പനങ്ങാടി::പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ദളിത് വനിതാ കൗണ്‍സിലറെ ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയിലായ പ്രതിയെ എംഎല്‍എ നേരിട്ടെത്തി സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. മുന്‍ വിദ്യഭ്യാസമന്ത്രിയും തിരൂരങ്ങാടി എംഎല്‍എയുമായ പി കെ അബ്ദുറബ്ബാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിയെ ഇറക്കിക്കൊണ്ടുപോയത്. എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള കടന്നാക്രമണം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരുള്ള കേസില്‍ പിടിയലായ ് മുസ്ലിംലീഗ് പ്രവര്‍ത്തകനായ പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശിയായ മുജീബിനെയാണ് എംഎല്‍എ ഇറക്കിയത്.ഇന്ന് വൈകീട്ടോടെയാണ് പരപ്പനങ്ങാടി എസ്‌ഐ ജിനേഷ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

. ഏപ്രില്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകയും ജനകീയമുന്നണി വാര്‍ഡ് കൗണ്‍സിലറുമായ യുവതിയെ ചെട്ടിപ്പടി കടപ്പുറത്തുവെച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കെ മുജീബും മറ്റൊരാളും ചേര്‍ന്ന് അപമാനിച്ചത് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും തടഞ്ഞുനിര്‍ത്തി ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായതിനാല്‍ തിരൂര്‍ ഡിവൈഎസ്പി കെ വി സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം ആരംഭിച്ചത്. ആ സമയത്തുതന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായെങ്കിലും കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം അറസ്റ്റുണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഈ കേസില്‍് ഇന്ന് മുജീബിനെ പിടികൂടിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എയും സംഘവും ഏറെ നേരം പോലീസ് സ്‌റ്റേഷനില്‍ ചിലഴഴിച്ച് സമ്മര്‍ദ്ദം ചെലുത്തി രേഖാമൂലം എഴുതിനല്‍കി പ്രതിയെകൊണ്ടുപോവുകയായിരുന്നു. രണ്ടുനാളുകള്‍ക്ക് ശേഷം ഡിവൈഎസ്പിയുടെ മുന്നില്‍ ഇയാളെ ഹാജരാക്കാമെന്നും എംഎല്‍എ ഏറ്റിട്ടുണ്ട്. പെരുന്നാള്‍ ആഘോഷിത്തില്‍ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ കൊണ്ടുപോയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത പ്രതിയെ എംഎല്‍എ ഇറക്കിക്കൊണ്ടുപോയത് കടുത്ത അധികാര ദുര്‍വിനിയോഗമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞു. ഒരു വനിതാ കൗണ്‍സിലറെ തടഞ്ഞ് നിര്‍ത്തി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തയാളെ പോലീസ്‌റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പരപ്പനങ്ങാടി നഗരസഭാ പ്രതിപക്ഷ നേതാവ് ദേവന്‍ ആലുങ്ങല്‍ പറഞ്ഞു.

കൗണ്‍സിലര്‍മാര്‍ നാളെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുന്നതടക്കമുള്ള സമരപരിപാടികളുമായി രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.