പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെ പ്രതികളെ കൊണ്ട് സിഐ നൃത്തം ചെയ്യിപ്പിച്ച സംഭവം വിവാദത്തില്‍

പരപ്പനങ്ങാടി: പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുള്ളവരെ  അടിവസ്ത്രം മാത്രം ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ച സംഭവം  അന്വേഷണം നടത്തുമെന്ന് മലപ്പുറം പോലീസ് ചീഫ് ദബേഷ്‌കുമാര്‍ ബഹ്‌റ. താനൂര്‍ സിഐ അലവി അടിവസ്ത്രം മാത്രം ധരിച്ചവരോട്‌ കൈകൊട്ടി പാടി നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരിക്കുന്നത്.സ്റ്റേഷനുള്ളില്‍ വെച്ച് നടന്ന ഈ സംഭവം ആരോ ചിത്രീകരിച്ചതാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ കയ്യാമം അണിയിച്ച് ഇരുത്തിയ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സംഭവം വിവാദമായതോടെ ഫോട്ടോ പുറത്തേക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഒരു വനിത സിപിഒയെ അടക്കം രണ്ടു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഈ സംഭവത്തിലും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്നതും വലിയ വിവാദമായിരുന്നു.

പരപ്പനങ്ങാടി സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദന മുറകളും മനുഷ്യാവകാശ ലംഘനങ്ങളും അരങ്ങേറുന്നുയെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം പോലീസുകാര്‍ ഇതില്‍ അസംതൃപ്തരാണ്. ഈ സംഭവത്തിന് പിന്നാലെ പ്രാകൃതമായ രീതിയല്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിഐ നൃത്തം ചെയ്യിപ്പിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത് പോലീസിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

നൃത്തം ചെയ്യിച്ച സംഭവത്തില്‍ തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുതല. സ്‌പെഷല്‍ ബ്രാഞ്ചും സംഭവം അന്വേഷിക്കും.