പരപ്പനങ്ങാടി കോടതി വളപ്പില്‍ അഭിഭാഷകനും എസ്‌ഐയും തമ്മില്‍ സിനിമാസ്റ്റൈല്‍ കൊമ്പുകോര്‍ക്കല്‍

Untitled-1 copyപരപ്പനങ്ങാടി : മജിസ്‌ട്രേറ്റ്‌ കോടതിയിലേക്ക്‌ വിളച്ചുവരുത്തി മൊഴിയെടുത്തതില്‍ പ്രകോപിതനായ എസ്‌ഐയും, അന്യായക്കാരന്റെ വക്കീലും തമ്മില്‍ കോടതിവളപ്പില്‍ വെച്ച്‌ കൊമ്പുകോര്‍ത്തത്‌ നാടകീയരംഗങ്ങള്‍ക്ക്‌ വഴിവെച്ചു. പരപ്പനങ്ങാടി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ വെച്ചാണ്‌ പരപ്പനങ്ങാടി സബ്‌ ഇന്‍സ്‌പെകടര്‍ ജെ ഇ ജയനും പരപ്പനങ്ങാടി ബാറിലെ അഭിഭാഷകനായ കെ സുല്‍ഫീക്കറും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയത്‌.

ജാമ്യമെടുക്കാന്‍ സ്‌റ്റേഷനിലെത്തിയ തന്റെ കക്ഷിയെ അനധികൃത കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന്‌ സുല്‍ഫീക്കര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ എസ്‌ഐയെ മജിസ്‌ട്രേറ്റ്‌ വിളിച്ചുവരുത്തിയത്‌. എന്നാല്‍ അത്തരത്തില്‍ ആരും തന്നെ കസ്‌റ്റഡിയില്‍ ഇല്ലെന്നായിരുന്നു എസ്‌ഐയുടെ മൊഴി. തുടര്‍ന്ന്‌ ചേംബറില്‍ നിന്ന്‌ പുറത്തിറങ്ങിയ എസ്‌ഐ അഭിഭാഷകനെതിരെ തിരിയുകയായിരുന്നു. ഭീഷണിപ്പെടുത്തി നടന്നുനീങ്ങിയ എസ്‌ഐയെ വക്കീല്‍ കോടതിവളപ്പില്‍ തന്നെ വെച്ചു തടയുകയായിരുന്നു. തുടര്‍ന്നാണ്‌ രൂക്ഷമായ വാക്കേറ്റവും വെല്ലുവിളിയും നടന്നത്‌ . തുടര്‍ന്ന്‌ മറ്റ്‌ അഭിഭാഷകരിടപെട്ടാണ്‌ സംഘര്‍ഷം ഒഴിവാക്കിയത്‌.
.പിന്നീട്‌ കസ്റ്റഡിയില്‍ ഇല്ലെന്ന്‌ എസ്‌ഐ മൊഴിനല്‍കിയ ആളെ പോലീസ്‌ സ്‌റ്റേഷനില്‍ ഉണ്ടെന്ന്‌ കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു.