9.38 കോടിയുടെ വികസന പദ്ധതികളുമായി പരപ്പനങ്ങാടി പഞ്ചായത്ത്

പരപ്പനങ്ങാടി : പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ 2014 -15 വര്‍ഷത്തേക്കായി 9.38 കോടി രൂപയുടെ കരട് വാര്‍ഷിക പദ്ധതികള്‍ക്ക് പഞ്ചായത്ത് വികസന സെമിനാര്‍ അംഗീകാരം നല്‍കി.

കാര്‍ഷിക മേഖലയില്‍ സമഗ്ര വികസനപദ്ധതി, നെല്‍കൃഷി വികസനപദ്ധതി, കാര്‍ഷിക യന്ത്രോപകരണങ്ങള്‍, ജൈവകൃഷി സംഘങ്ങള്‍, ഹരിത ഗ്രാമം പദ്ധതി എന്നിവയാണ് പ്രധാന പദ്ധതികള്‍. ഇതിനായി മൊത്തം 96 ലക്ഷം രൂപ വകയിരുത്തി.

മത്സ്യ തൊഴിലാളി സഹായ പദ്ധതി (20 ലക്ഷം) തീരദേശ ആരോഗ്യ – വിദ്യാഭ്യാസ പദ്ധതി ( 2 ലക്ഷം) മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക് മുയല്‍ വളര്‍ത്തല്‍, പശു വളര്‍ത്തല്‍, തൊഴുത്തു നിര്‍മ്മാണം എന്നീ പദ്ധതികള്‍ നടപ്പിലാക്കും. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്കായി 4 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്.

ഭരണ നവീകരണത്തിന്റെ ഭാഗമായി ഐ.എസ്.ഒ. അംഗീകാരം നേടുന്നതിന് 5 ലക്ഷം രൂപയും പഞ്ചായത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വാര്‍ഡ് തല ഗ്രാമ കേന്ദ്രങ്ങള്‍, പഞ്ചായത്ത് ചരിത്രം, ഇന്‍ഫര്‍മേഷന്‍ ഗൈഡ്, ഡാറ്റാ ബാങ്ക് എന്നീ പദ്ധതികള്‍ക്കായി 10.5 ലക്ഷം രൂപയും വകയിരുത്തി.

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നവീകരണം (10 ലക്ഷം), പ്രതേ്യക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപകരണങ്ങളും (8 ലക്ഷം) ഇന്റോര്‍ സ്റ്റേഡിയം നിര്‍മ്മാണം (20 ലക്ഷം).

സമ്പൂര്‍ണ്ണ ശുചിത്വപദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ്, ഗാര്‍ഹിക കമ്പോസ്റ്റ് യൂണിറ്റ് എന്നിവ എല്ലാ വീടുകളിലും സ്ഥാപിക്കും.

പരിരക്ഷ ഹേം കെയര്‍ പദ്ധതിക്ക് ആംബുലന്‍സ് (4.5 ലക്ഷം എം.എല്‍.എ. ഫണ്ട്), ആലംബഹീനരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള ആശ്രയ പദ്ധതി (1.67 കോടി ) എന്നിവയും നടപ്പിലാക്കുന്നതാണ്.

പരിസ്ഥിതി സൗഹൃദ ഗ്രാമം (3 ലക്ഷം), അംഗന്‍വാടി കെട്ടിടനിര്‍മ്മാണം (20 ലക്ഷം), തണല്‍ ഭവന പദ്ധതി പൂര്‍ത്തീകരണം (1.50 കോടി), സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്നിവയാണ് മറ്റു പ്രധാന പദ്ധതികള്‍.

പശ്ചാത്തലമേഖലയില്‍ ടൗണില്‍ ബസ് വെയിറ്റിംഗ് ഷെഡ് (5.5 ലക്ഷം എം.എല്‍.എ. ഫണ്ട്) വിവിധ റോഡുകള്‍, ഡ്രൈനേജ്, ഫൂട്ട്പാത്ത് എന്നിവക്കായി മൊത്തം 1.63 കോടി രൂപ അനുവദിച്ചു.

പട്ടികജാതിവികസനത്തിനുള്ള പ്രതേ്യക ഘടക പദ്ധതിക്കായി മൊത്തം 71 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം നല്‍കി. വിവിധ കോളനികളുടെ അടിസ്ഥാന സൗകര്യവികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് പട്ടികജാതി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൂടാതെ 2015-16 വര്‍ഷത്തേക്ക് 10.37 കോടിയുടെ കരട് വാര്‍ഷിക പദ്ധതിക്കും പഞ്ചായത്ത് വികസനസെമിനാര്‍ അംഗീകാരം നല്‍കി.
സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പികെ മുഹമ്മദ് ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. സറ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. അബ്ദുറഹ്മാന്‍കുട്ടി, സെക്രട്ടറി പിസി സാമൂവല്‍,വിപി കോയ ഹാജി, പി ഒ അബ്ദുസലാം, ധര്‍മ്മരാജന്‍ എന്ന രാജുട്ടി, എം സിദ്ധാര്‍ത്ഥന്‍, ടി ഗിരീഷ്, റജീന ഹംസകോയ, അസിസ്റ്റന്റ് സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണല്‍ സക്കീനകോയ സ്വാഗതവും മെമ്പര്‍ കെ സി അച്ച്യുതന്‍ നന്ദിയും പറഞ്ഞു.