പരപ്പനങ്ങാടി നഗരസഭ യുഡിഎഫ്‌ ചെയര്‍പേഴ്‌സണ്‍, വൈസ്‌ ചെയര്‍മാന്‍; സ്ഥാനാര്‍ത്ഥികള്‍ തീരുമാനമായില്ല

parappanangadi 1പരപ്പനങ്ങാടി: നാളെ നടക്കാനിരിക്കുന്ന നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ആരുമത്സരിക്കണമെന്ന തീരുമാനം ഇനിയുമെടുക്കാനാകാതെ മുസ്ലിംലീഗ്‌. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്കും മത്സരിക്കാന്‍ ഒന്നിലധികം ആളുകള്‍ തയ്യാറെടുത്തതോടെയാണ്‌ തര്‍ക്കം മുറുകിയതും അനിശ്ചിതത്വം തുടരുന്നതും.

ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക്‌ മൂന്ന്‌ പേരുകളാണ്‌ ഉയര്‍ന്നു വന്നത്‌. മുന്‍ തിരൂരങ്ങാടി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, പരപ്പനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ജമീല ടീച്ചര്‍, മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു എന്നിവര്‍ക്ക്‌ പുറമെ മുന്‍ ബ്ലോക്‌ പഞ്ചായത്ത്‌ അംഗമായ ബുഷറ ഹാറൂണിന്റെ പേരും ഉയര്‍ന്നതോടെയാണ്‌ തര്‍ക്കം രൂക്ഷമായത്‌.

ഇതിനു പിന്നാലെ വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്കും ആരെ തെരഞ്ഞെടുക്കണമെന്നതില്‍ രണ്ടഭിപ്രായം ഉയര്‍ന്നു. മുന്‍ വൈസ്‌ പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ ജമാല്‍, മുന്‍ പഞ്ചായത്തംഗം എച്ച്‌ ഹനീഫ്‌ എന്നിവരുടെ പേരുകളാണ്‌ ഉയര്‍ന്നത്‌. പ്രാദേശിക വാദവും യുവാക്കളുടെ എതിര്‍പ്പും തര്‍ക്കങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌.

തര്‍ക്കം തീര്‍ക്കാന്‍ മുസ്ലിംലീഗിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍ ഇടപെടുമെന്നാണ്‌ സൂചന. സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ്‌ ഔദ്യോഗിക വിശദീകരണം.