പരപ്പനങ്ങാടി നഗരസഭയില്‍ കുരുന്നുകളുടെ പ്രതിഷേധം

Untitled-1 copyപരപ്പനങ്ങാടി: അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കുരുന്നുകള്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെത്തി മുന്‍സിപ്പല്‍ സെക്രട്ടറിക്കും ചെയര്‍പേഴ്‌സണും പരാതി നല്‍കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 19 ാം ഡിവിഷനില്‍ പുറ്റാട്ടുതറയിലെ പതിനൊന്നാം നമ്പര്‍ അങ്കണവാടിയാണ്‌ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്‌ ഒറ്റ മുറിയുള്ള ഷെഡ്ഡില്‍ 2007 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇതിനു സമീപമായി കുട്ടികളൂടെ ജീവന്‌ തന്നെ ഭീക്ഷണിയായി ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന ഒരു പഴയകെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്‌. ചുറ്റുവട്ടം പെന്തക്കാട്‌ മുടിക്കിടക്കുന്നതും പാമ്പുകളുടെ ശല്യവും രൂക്ഷമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും ഇതുവരെ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം മുന്‍സിപ്പാലിറ്റിയിലെത്തി പരാതി നല്‍കിയത്‌.

ഇരുപതോളം കുട്ടികള്‍ പഠിച്ചിരുന്ന ഈ അംഗണ്‍വാടിയില്‍ ഇപ്പോള്‍ എട്ടോളം കുട്ടികള്‍മാത്രമാണ്‌ ഉള്ളത്‌.

അങ്കണവാടി
അങ്കണവാടി

അതെസമയം അങ്കണവാടിയുടെ പേരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഏതാനും കുട്ടികളെ കൂട്ടി നഗരസഭ ഓഫീസിലെത്തി നിവേദനം നല്‍കാന്‍ എന്ന പേരില്‍ നടത്തിയ നാടകം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന്‌ പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അങ്കണവാടിക്കായി സ്വകാര്യ വ്യക്തി വിട്ടുതന്ന സ്ഥത്ത്‌ വഴി സൗകര്യം ഇല്ലാ്‌ത്തതിനാലാണ്‌ പ്രവൃത്തി നടക്കാത്തതെന്നും. വഴിക്കായി വാര്‍ഷിക പദ്ധതിയില്‍ 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതി അംഗീകരിക്കുന്ന മുറയ്‌ക്ക്‌ റോഡ്‌ നിര്‍മാണം ആരംഭിക്കുമെന്നും കുറിപ്പിലൂടെ വ്യക്തമാക്കി.

ചെയര്‍പേഴ്‌സണ്‍ന്റെ ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ്‌ ഈ അങ്കണവാടി.