അതികായനെ വീഴ്‌ത്തി ഹനീഫ കൊടപ്പാളി വീണ്ടും ജയിന്റ്‌ കില്ലറായി

Haneefa Kodappali 1പരപ്പനങ്ങാടി: ചരിത്രം തിരുത്തിയെഴുതിയ പരപ്പനങ്ങാടി നഗരസഭ തെരഞ്ഞെടുപ്പില്‍ എറ്റവും വാശിയേറിയതും ശ്രദ്ധേയവുമായ മത്സരവും വിജയവുമാണ്‌ അഞ്ചപ്പുര ഡിവിഷനിലേത്‌. മുസ്ലീംലീഗി്‌ന്റെ തെക്കേപ്പാട്ട്‌ അലിയെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ച്‌ ജനകീയമുന്നണി സ്ഥാനാര്‍ത്ഥി ഹനീഫ കൊടപ്പാളി വീണ്ടും പരപ്പനങ്ങാടിയില്‍ ജയിന്റ്‌ കില്ലറാകുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്റും പിന്നീട്‌ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാനുമായ ഉമ്മര്‍ ഒട്ടുമ്മലിനെ ഇടതു പിന്തുണയോടെ അട്ടിമറിച്ച പാരമ്പര്യവുമായെത്തിയ ഹനീഫ അഞ്ചപ്പുരയിലും ചരിത്രം ആവര്‍ത്തിച്ചു.

ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ മുസ്ലീം ലീഗ്‌ മാത്രം ജയിച്ചിട്ടുള്ള പാരമ്പര്യം, വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്‌ സ്ഥിതി ചെയ്യുന്ന ഡിവിഷന്‍, എന്നിവക്ക്‌ പുറമെ ലീഗിന്റെ പഞ്ചായത്ത്‌ സക്രട്ടറി തെക്കേപ്പാട്ട്‌ അലി തന്നെ സ്ഥാനാര്‍ത്ഥിയായെത്തുകയും ചെയ്‌തതോടെ യുഡിഎഫ്‌ ഉറച്ച സീററായി അഞ്ചപ്പുരയെ തെരഞ്ഞടുപ്പ്‌ പ്രചരണത്തിന്റെ ആദ്യ നാളുകളില്‍ വിലയിരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.

എന്നാല്‍ ജനകീയമുന്നണിയുടെ സീറ്റ്‌ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകിയാണ്‌ ഹനീഫ പ്രചരണം ആരംഭിച്ചത്‌. തുടക്കത്തില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കളില്‍ ചിലരുടെ എതിര്‍പ്പും ജനകീയമുന്നണിയില്‍ ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട്‌ യുവാക്കളായ നിരവധി പ്രവര്‍ത്തകരുടെ ആവേശത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ദിവസങ്ങള്‍ക്കുളളില്‍ പ്രചരണത്തിലും മത്സരത്തിലും മുന്നില്‍ക്കയറുകയായിരുന്നു. ഹനീഫയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഞ്ചായത്തംഗം എന്ന നിലയിലുളള മികച്ചപ്രവര്‍ത്തനവും തെരഞ്ഞെടുപ്പില്‍ തുണച്ചു.

വിദ്യഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ മുസ്ലീം ലീഗ്‌ ഇവിടെ പ്രചരണത്തിനിറങ്ങി. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടുള്ള ഹനീഫയുടെ വിജയം മുസ്ലീംലിഗിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്‌.

പരപ്പനങ്ങാടിയിലെ സാധാരണക്കാരുടെ വിജയമായിട്ടാണ്‌ ഹനീഫയുടെ ജയത്തെ പൊതുവെ വിലയിരത്തപ്പെടുന്നത്‌. രണ്ടാംവട്ടവും രാഷ്ട്രീയ അതികായനെ മറിച്ചിട്ട ഈ സാധാരണക്കാരുടെ അംഗത്തെ പരപ്പനങ്ങാടിക്കാര്‍ അംഗീകരിച്ചുകഴിഞ്ഞെന്ന്‌ ഉറപ്പ്‌.