പരപ്പനങ്ങാടിയില്‍ നാട്ടുകാരെ നട്ടംതിരിയിച്ച കുരങ്ങന്‍ കെണിയിലായി

Story dated:Monday May 2nd, 2016,04 56:pm
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടി: മാസങ്ങളോളം നാട്ടുകാരെ ഭീതിയിലാക്കി വിലസിയിരുന്ന കുരങ്ങനെ ഒടുവില് വനം വകുപ്പ് അധികൃതര് പിടികൂടി .
അഞ്ച് ദിവസം പരപ്പനങ്ങാടിയിൽ തങ്ങിയ വനപാലകർ ഞായറാഴ്ച്ച അർദ്ധരാത്രി രണ്ടരക്ക് പരപ്പനങ്ങാടി നഗരത്തിൽ തിരച്ചില്‍ നടത്തുന്നതിനിടയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വെച്ച്‌ പുലര്‍ച്ചെ ആറരയോടെ കണ്ടെത്തുകയും വല ഉപയോഗിച്ച്‌ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന്‌ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൂടിനുള്ളിലാക്കുകയായിരുന്നു.

നാളുകളായി പരപ്പനങ്ങാടി ടൗണിലും പരിസരത്തും തങ്ങിവരികയായിരുന്ന കുരങ്ങന്‍ ആദ്യമൊക്കെ കുഴപ്പക്കാരനായിരുന്നില്ലെങ്കിലും പിന്നീട്‌ നിരന്തരമായി ആളുകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ്‌ നാട്ടുകാര്‍ വനംവകുപ്പില്‍ പരാതിപ്പെട്ടത്‌. ഇതെതുടര്‍ന്ന്‌ പലതവണയായി ഉദ്യോഗസ്ഥര്‍ കുരങ്ങനെ പിടിക്കാന്‍ ശ്രമം നടത്തി വരുന്നതിനിടയിലാണ്‌ ഇന്ന്‌ പിടിയിലായത്‌.

ഡെപ്പൂട്ടി റെയിഞ്ചർ കെഡി.രാജേന്ദ്രന്റെ നിർദേശപ്രകാരം ഫോറസ്റ്റ് ട്രൈനർ ഹംസ പറവണ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുരങ്ങനെ പിടികൂടിയത്.കെ ശഫീഖ്, ഹനീഫ ,ജാബിർ, മണി എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.  രാവിലെ എട്ടരയോടെ കുരങ്ങനെ അരീക്കോട് തേക്കിൻ ചോട് വനത്തിലേക്ക് കൊണ്ട് പോയി.