പരപ്പനങ്ങാടി ചാപ്പപടി കടപ്പുറത്ത്‌ സുനാമി മോക്‌ ഡ്രില്‍ 

Story dated:Thursday March 10th, 2016,06 23:pm
sameeksha sameeksha

parappanangadi beachപരപ്പനങ്ങാടി: സുനാമി പ്രതിരോധത്തിനായി തീരദേശവാസികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ മാര്‍ച്ച്‌ 11 ന്‌ പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ ചാപ്പപടി കടപ്പുറത്ത്‌ സുനാമി മോക്‌ ഡ്രില്‍ നടത്തും. തീരദേശ പൊലീസ്‌, ലോക്കല്‍ പൊലീസ്‌, ഫയര്‍-റെസ്‌ക്യു സര്‍വീസസ്‌, ആരോഗ്യം, കോസ്റ്റ്‌ഗാര്‍ഡ്‌ എന്നിവയെ ഉള്‍പ്പെടുത്തിയാണ്‌ മോക്ക്‌ ഡ്രില്‍ നടത്തുന്നത്‌. സംസ്ഥാനത്ത്‌ തീരദേശമേഖലയുള്ള ജില്ലകളിലെല്ലാം ഇന്ന്‌ മോക്ക്‌ ഡ്രില്‍ നടക്കുന്നുണ്ട്‌. രാവിലെ 9.30ന്‌ തിരുവനന്തപുരത്ത്‌ സ്റ്റേറ്റ്‌ എമര്‍ജന്‍സി ഓപ്പറേറ്റിങ്‌ സെന്ററില്‍ നിന്നും സുനാമി മുന്‍കരുതല്‍ സന്ദേശം ലഭിച്ചയുടന്‍ ജില്ലാ ഇന്‍സിഡന്റ്‌ കമാന്‍ഡറായ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സജ്ജരായി തീരദേശമേഖലയിലുളള ഉദ്യോഗസ്ഥര്‍ക്ക്‌ സന്ദേശം കൈമാറും. കലക്‌ടറേറ്റിലെ ഡിസാസ്റ്റര്‍ മാനെജ്‌മെന്റ്‌ വിഭാഗത്തോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ്‌ സെന്ററിലാണ്‌ വിവരം ലഭ്യമാവുക. തുടര്‍ന്ന്‌ താലൂക്ക്‌ കണ്‍ട്രോള്‍ റൂം, ആശുപത്രി സംവിധാനങ്ങള്‍ എന്നിവ തയ്യാറാക്കും. സുനാമി ബാധിതര്‍ക്കുളള ഭക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കും. തീരദേശത്ത്‌ നിന്നും 250 മീറ്റര്‍ അകലത്തില്‍ സഞ്ചാരികളെയും തീരദേശവാസികളെയും മാറ്റും.
ഗതാഗത തടസ്സം ഒഴിവാക്കുക, വണ്‍വേ സംവിധാനം ഉറപ്പാക്കുക എന്നിവ പൊലീസിന്റെ ചുമതലയാണ്‌. മെഡിക്കല്‍ സംഘം തീരദേശത്ത്‌ തന്നെ മെഡിക്കല്‍ കാംപ്‌ സജ്ജമാക്കും. ഈ വിവരങ്ങള്‍ സ്റ്റേറ്റ്‌ ഓപ്പറേറ്റിങ്‌ സെന്ററിലേക്ക്‌ ഉടനെ കൈമാറും.
രാവിലെ 9.30 ന്‌ സുനാമി സൂചന ലഭിച്ച്‌ മൂന്ന്‌ മണിക്കൂറിനകം എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി തുടര്‍ന്ന്‌ ചാപ്പപ്പടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മോക്ക്‌ ഡ്രില്ലില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം, പിഴവുകളുണ്ടായ സന്ദര്‍ഭങ്ങള്‍, തിരുത്തേണ്ട തീരുമാനങ്ങള്‍, എന്നിവ വിലയിരുത്താന്‍ ഇന്‍ഡിപെന്‍ഡന്റ്‌ ഇവാലുവേറ്ററായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനതലത്തില്‍ ഇന്‍ഡിപെന്‍ഡന്റ്‌ ഒബ്‌സര്‍വര്‍ക്കാണ്‌ ചുമതല. മോക്‌ ഡ്രില്ലുമായി തീരദേശവാസികള്‍ സഹകരിക്കണമെന്ന്‌ ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ അഭ്യര്‍ഥിച്ചു.