പരപ്പനങ്ങാടിയില്‍ വിദ്യാലയത്തില്‍ തൊപ്പി വിവാദം: ബോധപൂര്‍വ്വമായ ഇടപെടലോ?

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 6ാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ തൊപ്പിധരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ വിദ്യാലയത്തിനെതിരെ രംഗത്തെത്തിയ സംഭവം വിവാദമാകുന്നു.

കഴിഞ്ഞ ദിവസം ക്ലാസില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയോട് സ്‌കൂള്‍ യൂണിഫോം ധരിച്ച് മാത്രമെ ക്ലാസില്‍ ഇരിക്കാനാകു എന്ന് പ്രധാന അധ്യാപകന്‍ ആവിശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്.

ക്ലാസില്‍ വെച്ച് ഉറുദു അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ തൊപ്പി ഉരിയെറിഞ്ഞുവെന്നും,കുട്ടിയോട് മോശമായി പെരുമാറിയെന്നും ആക്ഷേപിച്ച് ചിലര്‍ സ്‌കൂളിലെത്തിയിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥിയെ തൊപ്പി ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കണമെന്നും ആവിശ്യപ്പെട്ടിരുന്നു. ഉറുദു അധ്യാപകനും പ്രധാനഅധ്യാപകനും തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവര്‍ ആക്ഷേപിച്ചിരുന്നു.

സ്‌കൂളില്‍ എല്ലാകുട്ടികളും യൂണിഫോം ധരിച്ചാണ് എത്തുന്നതെന്നും ഒരാള്‍ മാത്രം തൊപ്പി ധരിച്ച ക്ലാസില്‍ ഇരിക്കുന്നത് അനുവദിക്കാനാവില്ലെന്നും ആണ് താന്‍ പറഞ്ഞതെന്നും യാതൊരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ലെന്നും പ്രധാനഅധ്യാപകന്‍ മലബാറിന്യുസിനോട് പറഞ്ഞു. ഇന്ന് ചില മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങളേയും സ്‌കൂള്‍ അധികൃതര്‍ തള്ളിക്കളഞ്ഞു.

സ്‌കൂളിന് കളങ്കമുണ്ടാക്കാന്‍ ചില തല്‍പ്പരകക്ഷികള്‍ ചില സംഘടനകളെ ഉപയോഗിച്ച് ബോധപൂര്‍വ്വമായി കുഴപ്പങ്ങളുണ്ടാക്കുകായാണെന്ന് പിടിഎ പ്രസിഡന്റ് ഷെമിര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു ബെഞ്ചിലിരുത്തി എന്ന് പറഞ്ഞ് പരീക്ഷാ ഹാളിലേക്ക് അതിക്രമിച്ച് കയറിയ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തൊട്ടടുത്ത സൂപ്പിക്കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലും തൊപ്പി ധരിച്ച് ചില വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയ സംഭവം വിവാദമായിരുന്നു . അന്ന് അവിടുത്തെ മാനേജ്‌മെന്റ് യൂണിഫോം മാത്രമെ ധരിക്കാവു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Related Articles