പരപ്പനങ്ങാടി ഹാര്‍ബര്‍ നഷ്ടമാകുമോ?

 Harbour

താനൂര്‍ ഹാര്‍ബറിന്റെയും പൂരപ്പുഴ പാലത്തിന്റെയും നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്‌

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികളും, നാട്ടുകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരപ്പനങ്ങാടി ഫിഷിങ്ങ്‌ ഹാര്‍ബര്‍ എന്ന സ്വപ്‌നം തച്ചുടക്കപ്പെടുമോ? കേവലമായ പ്രദേശികതര്‍ക്കത്തിന്റെ പേരില്‍ തുടങ്ങിയടത്തു തന്നെ നില്‍ക്കുന്ന ഈ പദ്ധതി നടപ്പിലാക്കാന്‍ ഇനിയും വൈകിയാല്‍ ചിലപ്പോള്‍ അത്‌ നാടിന്റെ വലിയൊരു വികസനം തന്നെ ഇല്ലാതാക്കുമെന്ന റിപ്പോര്‍ട്ടുകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌.
താനൂര്‍ ഫിഷിങ്ങ്‌ ഹാര്‍ബറിന്റെയും പൂരപ്പുഴ പാലത്തി്‌ന്റെയും നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തൊട്ടടുത്തു തന്നെ കോടികള്‍ ചിലവിട്ട്‌ മറ്റൊരു ഫിഷിങ്ങ്‌ ഹാര്‍ബര്‍ വേണോയെന്ന്‌ അധികാരികള്‍ ചിന്തിച്ചാല്‍ പരപ്പനങ്ങാടിയുടെ വികസനത്തിന്‌ കനത്ത തിരിച്ചടിയാകുമുണ്ടാക്കുക.
പൂരപ്പുഴക്ക്‌ കുറുകെ അഴിമുഖത്ത്‌ പാലം വന്നുകഴിഞ്ഞാല്‍ പരപ്പനങ്ങാടിയില്‍ നിന്ന്‌ താനൂര്‍ ഫിഷിങ്ങ്‌ ഹാര്‍ബറിലേക്കുള്ള ദുരം 5 കിലോമീറ്ററില്‍ താഴെയാകും പുരപ്പുഴ പാലത്തിന്റെ നീര്‍മ്മാണം 80 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി അപ്രോച്ച്‌ റോഡിന്റെ സ്ഥലമേറ്റെടുപ്പാണ്‌ പ്രധാനമായും ബാക്കിയുള്ളത്‌. tanur harbour

2010ലെ കേരളസര്‍ക്കാരിന്റെ ബജറ്റില്‍ അന്നത്തെ തുറമുഖവകുപ്പ്‌ മന്ത്രി എസ്‌ ശര്‍മ്മയാണ്‌ പരപ്പനങ്ങാടിക്ക്‌ ഒരു ഫിഷിങ്ങ്‌ ഹാര്‍ബര്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്‌. മലബാറിലെ പ്രധാന മത്സ്യബന്ധനകേന്ദ്രങ്ങളിലൊന്നായ പരപ്പനങ്ങാടിയില്‍ ഹാര്‍ബര്‍ ഇല്ലത്തതു കാരണം പൊന്നാനിയിലും ചാലിയത്തുമാണ്‌ മത്സ്യബന്ധനബോട്ടുകളും വള്ളങ്ങളും കരക്കടുപ്പിച്ചിരുന്നത്‌. പലപ്പോഴും അസമയത്ത്‌ ജോലി കഴിഞ്ഞെത്തുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ലോറികളിലും മറ്റു ചരക്കുവാഹനങ്ങളിലുമാണ്‌ നാട്ടിലേക്ക്‌ മടങ്ങിയിരുന്നത്‌. ഇത്തരത്തില്‍ ലോറിയില്‍ മടങ്ങവെ രണ്ടു തവണ വാഹനാപകടമുണ്ടാവുകയും 11 ജീവനുകള്‍ നഷടപ്പെടുകയും നിരവധി പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രിയായ വിഎസ്‌ അച്ചുതാനനന്ദനും തുറമുഖവകുപ്പ്‌ മന്ത്രിക്കും നല്‍കിയ നിവേദനങ്ങളുടെ തുടര്‍ച്ചയായാണ്‌ 2010-11 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തുന്നത്‌. ഈ ബജറ്റിന്റെ ചര്‍ച്ചയിലാണ്‌ തൊട്ടടുത്ത താനൂരിലും ഫിഷിങ്ങ്‌ ഹാര്‍ബര്‍ വേണമെന്ന്‌ അവിടുത്തെ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി ആവശ്യപ്പെടുകയും ധനമന്ത്രി താനൂര്‍ ഹാര്‍ബര്‍ കൂടി ഉള്‍പ്പെടുത്തിയതായി മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.fisher men
തുടര്‍ന്ന്‌ പരപ്പനങ്ങാടിയിലും താനുരിലും ഹാര്‍ബറിന്‌ അനുയോജ്യമായ സ്ഥലകണ്ടെത്താന്‍ നടത്തിയ പരസ്ഥിതി പഠനം ആരംഭിക്കുകയും ചെയ്‌തു. താനൂരില്‍ തര്‍ക്കങ്ങളൊന്നുമില്ലാതെ പദ്ധതി മുന്നോട്ട്‌ കൊണ്ടു പോകാന്‍ സാധിച്ചപ്പോള്‍ പരപ്പനങ്ങാടിയില്‍ തുടക്കം മുതല്‍ തന്നെ തര്‍ക്കം രൂക്ഷമായി റിപ്പോര്‍ട്ടില്‍ കണ്ടത്തി സ്ഥലത്തെ കുറിച്ചുള്ള തര്‍ക്കം പിന്നീട്‌ തീരദേശമേഖലയിലെ രണ്ട്‌ പ്രദേശങ്ങള്‍ തമ്മിലുള്ള സ്‌പര്‍ദ്ധയിലേക്ക്‌ നീങ്ങുന്നതിലേക്ക്‌ കാര്യങ്ങളെത്തിച്ചു. harbour 1
നിലവില്‍ ഹാര്‍ബറിനായി കണ്ടെത്തി പ്രാഥമികപരിശോധനകള്‍ ആരംഭിച്ച ചാപ്പപ്പടി മുറിത്തോട്‌ വടക്കുമുതല്‍ അങ്ങാടിക്കടപ്പുറം വരെയുള്ള സ്ഥലം തങ്ങള്‍ക്ക്‌ സ്വീകര്യമല്ല എന്ന നിലപാടുമായി ഒട്ടുമ്മല്‍ ചാപ്പപ്പടി നിവാസികള്‍ രംഗത്തെത്തുകയും കടുത്ത സമരങ്ങളിലേക്ക്‌ നീങ്ങുകയും ചെയ്‌തു. ഇത്‌ രമ്യമായി പരഹരിക്കാന്‍ പ്രദേശികഭരണകൂടത്തിനും സ്ഥലം എംഎല്‍എക്ക്‌ കഴിയാതിരുന്നതും പദ്ധതി നടപ്പിലാകുന്നതിന്‌ തടസ്സമായി. ഇതിനിടെ ചെട്ടിപ്പടി ഹാര്‍ബര്‍ സംരക്ഷണസമിതി കോടതിയെ സമീപിക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിധി സമ്പാദിക്കുകയും ചെയ്‌തു. എന്നാല്‍ ചാപ്പപ്പടിയിലെല്ലെങ്ങില്‍ ഹാര്‍ബര്‍ വേണ്ട എന്ന നിലപാട്‌ മറുവിഭാഗവും കൈക്കൊണ്ടു. ഈ വിഷയത്തില്‍ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ഒരു ചര്‍ച്ചക്ക്‌ വേദിയൊരുക്കാന്‍ ജനപ്രതിനിധികള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.
ബജറ്റ്‌ പ്രഖ്യാപനം കഴിഞ്ഞ്‌ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും harbour 2പരപ്പനങ്ങാടി ഹാര്‍ബറിന്‌ ഒരു കല്ലുപോലും ഇടാന്‍ കഴിയാഞ്ഞത്‌ ഭരണകൂടത്തിന്റെ ഇച്ഛാശക്തിയില്ലായ്‌മയാണ്‌ വിളിച്ചോതുന്നത്‌. പ്രത്യേകിച്ച്‌ തൊട്ടടുത്ത സ്ഥലത്ത്‌ താനൂര്‍ ഹാര്‍ബറിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്‌ നീങ്ങുന്നുവെന്നതുമായി കൂട്ടിവായിക്കുമ്പോള്‍. വരാനിരിക്കുന്ന പ്രദേശിക തിരഞ്ഞെടുപ്പകളെ പേടിച്ച്‌ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ ഈ സ്വപ്‌നപദ്ധതിയെ വീണ്ടും കോള്‍ഡ്‌സ്‌റ്റോറേജിലേക്ക്‌ തള്ളിവിടുമെന്ന ആശങ്ക കനക്കുകയാണ്‌. അങ്ങിനെ സംഭവിച്ചാല്‍ കനത്ത നഷ്ടം സംഭവിക്കുക പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക്‌ തന്നെയാണ്‌.

.