പരപ്പനങ്ങാടിയില്‍ സ്‌കൂള്‍ പരിസരത്തു നിന്നും പുകയില ഉത്‌പനങ്ങള്‍ പിടികൂടി

excise-pukayilaപരപ്പനങ്ങാടി: ബി ഇ എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത്‌ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന നൂറുടിന്‍ പുകയിലയുത്‌പന്നങ്ങള്‍ പരപ്പനങ്ങാടി എക്‌സൈസ്‌ അധികൃതര്‍ പിടികൂടി. മംഗലാപുരത്തുനിന്നും ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്സില്‍ കൊണ്ടുവന്നതായിരുന്നു പുകയില ഉത്‌പന്നങ്ങള്‍. ചെമ്മാട്ടെ ചമ്മലകാറ ഹസ്സന്‍ (42) നെ എക്‌സൈസ്‌ സംഘം കസ്റ്റഡിയിലെടുത്തു.

രത്‌ന, ബാഗ്‌ബന്‍ എന്നീ ഉത്‌പന്നങ്ങളുടെ ടിന്നുകളാണ്‌ പിടികൂടിയത്‌. പരപ്പനങ്ങാടിയിലും ചെമ്മാട്ടും വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ്‌. പരപ്പനങ്ങാടിയിലെ ബീവറേജസ്‌ മദ്യഷാപ്പ്‌ പൂട്ടിയ ശേഷം കര്‍ണ്ണാടകയില്‍ നിന്നും, മാഹിയില്‍ നിന്നും തീവണ്ടിവഴി മദ്യവും പുകയിലയുത്‌പന്നങ്ങളും വ്യാപകമായി കടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ്‌ അധികൃതര്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്‌.

എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ എം കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ ഹരിദാസന്‍, സി ഇ ഒ മാരായ ഷാജി, ഷിജിത്ത്‌, രാഗേഷ്‌, കണ്ണന്‍, പ്രകാശിനി, മുരളീധരന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.