പരപ്പനങ്ങാടിയിൽ പൂവാലശല്യംരൂക്ഷമാകുന്നു

പരപ്പനങ്ങാടി :നഗരസഭാ പരിധിയിലെ ടൗൺ കേന്ദ്രീകരിച്ചുള്ള സ്‌കൂൾ പരിസരങ്ങളിൽ  പൂവാലശല്യം രൂക്ഷമാകുന്നതായി പരാതി. ഇത് കാരണം രക്ഷിതാക്കളും ആശങ്കയിൽ . വേണ്ട രീതിയിലുള്ള പൊലീസ് പെട്രോളിംഗ് ഇല്ലാത്തത് കാരണമാണ്  പുവാല ശല്യം വർദ്ധിച്ചിരിക്കുന്നത്  . സംഘം ചേർന്നുള്ള യുവാക്കൾ സ്കൂൾ പരിസരത്ത് കറങ്ങി നടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്.

അധികവും വൈകുന്നേരം സ്കൂൾ വിടുന്ന സമയത്താണ്  ബൈക്കുകളിൽ  സ്‌കൂൾ പരിസരത്തും മറ്റും പൂവാലന്മാർ എത്തി പെൺകുട്ടികളെ ശല്യം ചെയ്യുന്നത് .രാവിലെ ട്യൂഷന് പോവുന്ന വിദ്യാർത്ഥികളെ കാത്തും പൂവാലന്മാർ അങ്ങാടികളിൽ തമ്പടിക്കുന്നുണ്ട് .പൂവാലന്മാർ പെൺകുട്ടികളെ കമന്റ് പറഞ്ഞ് ശല്യം ചെയ്യുകയാണ് . ദേഹോപദ്രവം ഏൽപ്പിക്കുന്ന സംഭവങ്ങളും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട് .ഇത്തരം പ്രവർത്തികൾ വിദ്യാഥിനികളിൽ  മാനസിക പ്രശ്നങ്ങൾ  പോലും സൃഷ്ടിച്ചേക്കുമെന്ന് ഭയപ്പെടുകയാണ്  രക്ഷിതാക്കൾ .

സ്കൂൾ വിട്ട് പോവുന്ന സമയത്ത് വിദ്യാർത്ഥികൾ കാണും വിധം ബൈക്കിൽ  അഭ്യാസപ്രകടനം നടത്തലും നിത്യസംഭവമാണ്.വിദ്യാർഥിനികളെ ശല്യം ചെയ്യുന്ന സാമൂഹ്യവിരുദ്ധന്മാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും രാവിലെയും വൈകിട്ടും പെട്രോളിങ് കാര്യക്ഷമമാക്കണമെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.