പരപ്പനങ്ങാടി 38 ാം ഡിവിഷനില്‍ കനത്ത പോരാട്ടം

Story dated:Thursday October 29th, 2015,08 59:pm
sameeksha

parappanangadi divisionപരപ്പനങ്ങാടി: വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയില്‍ പെണ്‍പോരാട്ടങ്ങള്‍ക്കാണ്‌ ഇക്കൂറി വീര്യം കൂടുതല്‍. മലബാറിലെ സാമൂഹിക സാംസ്‌ക്കാരിക മേഖലയ്‌ക്ക്‌ ഏറെ സംഭവനകള്‍ നല്‍കിയിട്ടുള്ള നെടുവ ദേശത്തെ 38 ാം ഡിവിഷനിലെ മത്സരം അവസാന റൗണ്ടിലെത്തുമ്പോള്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടക്കുന്നത്‌.

ബി ജെ പി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ കുടുംബശ്രീ, ആശാ വര്‍ക്കര്‍കൂടിയായ അംബികാ മോഹന്‍രാജിനെ നേരിടാന്‍ ജനകീയ വികസനമുന്നണി സ്ഥാനാര്‍ത്ഥിയായി മഞ്‌ജുഷ പ്രലോഷ്‌ എത്തിയതോടെയാണ്‌ സമാനതകളില്ലാത്ത ആവേശത്തിലേക്ക്‌ വാര്‍ഡിലെ തിരഞ്ഞെടുപ്പ്‌ പ്രചരണം കുതിച്ച്‌ പൊങ്ങിയത്‌. ഇവര്‍ക്ക്‌ പുറമെ യുഡിഎഫ്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മൊബൈല്‍ ചിഹ്നത്തില്‍ മുന്‍ പഞ്ചായത്ത്‌ അംഗം കിഴക്കിനിയകത്ത്‌ കുഞ്ഞീവിയും കോണ്‍ഗ്രസ്‌ റിബലായി കപ്പും സോസറും അടയാളത്തില്‍ ഉണിക്കണ്ടംവീട്ടില്‍ ബിന്ദു അജിത്ത്‌ കുമാറും മത്സരരംഗത്ത്‌ സജീവ സാന്നിധ്യമാണ്‌.

ബിടെക്‌ ബിരുദ്ധധാരിണിയായ മഞ്‌ജുഷ തന്റെ ജോലി ഉപേക്ഷിച്ചാണ്‌ പൊതു പ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നുവന്നിരിക്കുന്നത്‌. അശരണരായ വൃദ്ധജനങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന മഞ്‌ജുഷ തന്റെ ഡിവിഷനെ കുറിച്ചുള്ള വികസന സങ്കല്‌പങ്ങള്‍ മലബാറി ന്യൂസിനോട്‌ പങ്കുവെച്ചു. സ്‌ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച്‌ സ്‌ത്രീകളുടെ വരുമാന ഉയര്‍ത്തുന്ന പദ്ധതികളും ഡിവിഷനിലെ വര്‍ഷങ്ങളായുള്ള മാലിന്യജലപ്രശനം പരിഹരിക്കല്‍, റെയിലിന്‌ സമാന്തരമായി ചാമ്പ്രയിലൂടെ റോഡ്‌ നിര്‍മ്മിച്ച്‌ പരിസരവാസികള്‍ക്ക്‌ ഗതാഗത സൗകര്യവും ഉറപ്പുവരുത്തുക എന്നുള്ളതുമാണ്‌ തന്റെ ലക്ഷ്യങ്ങളെന്ന്‌ വ്യക്തമാക്കി.

കുടുംബശ്രീ, ആശാ വര്‍ക്കര്‍ എന്നീ മേഖലകളില്‍ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തി തന്നെയാണ്‌ അംബിക ഡിവിഷനിലെ വോട്ടര്‍മാരോട്‌ വോട്ടഭ്യര്‍ത്ഥിക്കുന്നത്‌. പക്ഷപാത വികസനം മാറ്റിനിര്‍ത്തി ഡിവിഷന്റെ മൊത്തമായ സമഗ്ര വികസനമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ അംബിക പറഞ്ഞു. സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നു എന്നുള്ളതും, സംഘടനയുടെ നിരവധി കേഡര്‍മാര്‍ പ്രവര്‍ത്തന രംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കുന്നതും, പാര്‍ട്ടിയുടെ വിജയസാധ്യതയുള്ള സീറ്റായി ഈ ഡിവിഷനെ കാണാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നു.
റെയിലന്‌ കിഴക്കും പടിഞ്ഞാറുമായി പരപ്പനങ്ങാടി നഗരത്തിന്റെ വടക്കുവശത്ത്‌ സ്ഥിതിചെയ്യുന്ന ഈ ഡിവഷനിലാണ്‌ നെടുവ ഹൈസ്‌ക്കുളും പുതിയതെരുവും സ്ഥിതി ചെയ്യുന്നത്‌്‌.
മുന്‍ പഞ്ചായത്തംഗം എന്ന നിലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യുഡിഎഫ്‌ സ്‌തന്ത്രസ്ഥാനാര്‍ത്ഥി കിഴക്കിനിയകത്ത്‌ കുഞ്ഞീവി സജീവമായി തെരഞ്ഞെടുപ്പരംഗത്തുണ്ട്‌

വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും യുവത്വത്തിന്റെ ഊര്‍ജ്ജവും തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ ആരുടെ കണക്കുകള്‍ക്കാണ്‌ ശരിയുത്തരം ലഭിക്കുക എന്ന്‌ ബാലറ്റ്‌ പെട്ടി തുറക്കുമ്പോഴെ പറയാനാകു.