മത്സ്യങ്ങള്‍ വീണ്ടും അപ്രത്യക്ഷമായി; ജില്ലയിലെ വള്ളങ്ങളും തൊഴിലാളികളും തെക്കന്‍ ജില്ലകളിലേക്ക്

parappananagdi-copyപരപ്പനങ്ങാടി: മാസങ്ങളോളം തീരത്ത് സംഹാരതാണ്ഡവമാടിയ കടല്‍ ഇപ്പോള്‍ തീര്‍ത്തും ശാന്തമാണ്, ഉള്‍വലിഞ്ഞ കടലില്‍ വളരെ ശേഷികുറഞ്ഞ തിരമാലകളാണുള്ളത്. മത്സ്യബന്ധനത്തിനു ഏറ്റവും അനുയോജ്യമായ സാഹചര്യം.നല്ല മത്സ്യം നന്നായി ലഭിക്കുന്ന സീസണായിട്ടും പക്ഷെ മത്സ്യബന്ധനം നടക്കുന്നില്ല. ഒരുമാസത്തോളമായി തീരം കടുത്ത വറുതിയിലാണ്.ജില്ലയുടെ തീരത്തുനിന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്താണ്ഇതിനുകാരണം.

ജില്ലയുടെ വടക്കന്‍ മേഖലയിലെ മത്സ്യ തൊഴിലാളികളും വള്ളങ്ങളും ഇപ്പോള്‍ തെക്കന്‍ജില്ലകളിലാണ് മത്സ്യ ബന്ധനത്തിനായി പോയിട്ടുള്ളത്.ആലപ്പുഴ കേന്ദ്രമായി മത്സ്യബന്ധനം നടത്താനായി  ജില്ലയിലെ നൂറു ക്കണക്കിന് തൊഴിലാളികളാണ് പോയിട്ടുള്ളത്. നേരത്തെ തിരുവനതപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം തുടങ്ങിയജില്ലകളില്‍ നിന്നുള്ളവര്‍ ജില്ലയുടെ തീരത്തെയാണ് മത്സ്യബന്ധനത്തിനു ആശ്രയിച്ചിരുന്നത്. ദൂരകൂടുതല്‍ കാരണം മലബാറിലെ കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെ കടലോരത്തെയാണ്  ഈയടുത്ത കാലംവരെ മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു ആശ്രയിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലക്കാര്‍ മലപ്പുറംജില്ലയിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും കോഴിക്കോട്ജില്ലയിലും മത്സ്യ ലഭ്യത കുറഞ്ഞതും മൂലമാണ് സാമ്പത്തിക ബാധ്യതയും പ്രയാസവും അവഗണിച്ചു തെക്കന്‍ജില്ലകളിലെക്കുള്ള ദൂരം താണ്ടാന്‍ നിര്‍ബന്ധിതമായാത്.

സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് നല്ല വിലക്കിട്ടുന്ന ചെമ്മീന്‍,അയക്കൂറ,ഏട്ട,സ്രാവ്, തെരണ്ടി,ആവോലി മത്സ്യങ്ങള്‍ വ്യാപകമായി ലഭിക്കാറുള്ളത്.എന്നാല്‍ ഇത്തരം മത്സ്യങ്ങള്‍ ജില്ലയിലെ മാര്‍ക്കറ്റുകളിലേക്ക് മറ്റിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നാല്പതിലേറെ പേര്‍ കയറുന്ന വലിയ വള്ളങ്ങള്‍ തെക്കന്‍ ജില്ലയിലേക്ക് പോയതോടെ ഇവിടെ രണ്ടുപേര്‍ കയറുന്ന ചെറിയ തോണികള്‍ മാത്രമാണുള്ളത്. ഇവയിലേറെയും പണിക്കുപോകാനാവാതെ കരയില്‍ വിശ്രമിക്കുകയാണ്.