തിരുപ്പൂരില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് കൊടുത്തയച്ച യൂണിഫോം കെട്ടുമായി യുവാവ് മുങ്ങി

പരപ്പനങ്ങാടി:തിരുപ്പൂരിലെ റെഡിമേഡ് വസ്ത്ര നിർമ്മാണ കമ്പനിയിൽ നിന്നും പരപ്പനങ്ങാടിയിലേക്കു കൊടുത്തുവിട്ട സ്കൂൾ  യൂണിഫോമുമായി യാത്രക്കാരൻ മുങ്ങി. പരപ്പനങ്ങാടി സ്വദേശി മേച്ചേരി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എം എം ട്രേഡിങ്ങ് ഇന്ത്യ എന്ന റെഡിമേഡ് മൊത്തവിതരണ സ്ഥാപനത്തിലേക്കുള്ള സാധനവുമായാണ് യാത്രക്കാരൻ മുങ്ങിയത്.

സ്കൂൾ തുറന്ന സമയമായതിനാൽ,യൂണിഫോം അത്യാവശ്യമായി കൊടുക്കാനുള്ളതുകൊണ്ടു തിരുപ്പൂരിൽ നിന്നും യാത്രക്കാരൻ വശം കൊടുത്തയാക്കുകയായിരുന്നു. യാത്രക്കാരനുമായുള്ള  ധാരണയുടെ അടിസ്ഥാനത്തിൽ ചെന്നൈ എഗ്‌മോർ വണ്ടി  പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ കാത്തു നിൽക്കുന്ന മുസ്തഫയ്ക്ക് സാധനം കൈമാറാമെന്ന് യാത്രക്കാരൻ ഉറപ്പു നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വണ്ടി പരപ്പനങ്ങാടിയിലെത്തിയപ്പോൾ ഫോണിൽ  നിരന്തരം  ബന്ധപ്പെട്ടെങ്കിലും യാത്രക്കാരൻ പ്രതികരിച്ചില്ല.
.അര മണിക്കൂറിനുള്ളിൽ തന്നെ കണ്ണൂർ വഴി പോകുന്ന നേത്രാവതി എക്സ്പ്രസിന് മുസ്തഫ കണ്ണൂരിലേക്കു തിരിച്ചെങ്കിലും യാത്രക്കാരനെ കണ്ടെത്താനായില്ല.

സാധാരണ ഇത്തരത്തിൽ സാധനം കൊടുത്തയാക്കാറുണ്ടെന്നും എന്നാൽ ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും  മുസ്തഫ  പറഞ്ഞു.നഷ്ടപ്പെട്ട സാധനങ്ങൾക്ക് പന്ത്രണ്ടായിരം രൂപ വില വരുമെന്നും മുസ്തഫ പറഞ്ഞു.  പരപ്പനങ്ങാടി പോലീസിൽ മുസ്തഫ പരാതി നൽകി.

Related Articles