പരപ്പനങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ പ്രതിസന്ധി രൂക്ഷം:വൈസ് പ്രസിഡന്റ് രാജിവെച്ചു.

 പരപ്പനങ്ങാടി:  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നിയമനവുമായി ബന്ധപെട്ട് പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷനിൽ കടുത്ത പ്രതിസന്ധി.   യൂനിറ്റ് വൈസ് പ്രസിഡന്റ്  അശറഫ് ജന്നാത്ത് നേതൃത്വത്തിന് രാജി കത്തു നൽകി.

പി. കുഞ്ഞാവു ഹാജിയെ ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക്  പരപ്പനങ്ങാടിയിലെ അംഗങ്ങൾ ഐക്യകണ്‌ഠ്യേന തുണക്കാൻ തെരഞ്ഞെടുപ്പിന് മുന്‍പ്‌ അലിഖിത ധാരണയുണ്ടായിരുന്നു. ഇതെ തുടർന്ന് പരപ്പനങ്ങാടിക്ക് ലഭ്യമാകുന്ന ജില്ലാ സെക്രട്ടറി പദവിയിൽ പരപ്പനങ്ങാടി മർച്ചന്റൻസ് അസോസിയേഷൻ പ്രസിഡന്റ് എം. വി. മുഹമ്മദലിയുടെ പേരാണ്  പരപ്പനങ്ങാടിമർച്ചന്റ് അസോസിയേഷൻ നേതൃത്വം ജില്ലാ നേതൃത്വത്തിന് മുന്‍പില്‍ വെച്ചത്.

എന്നാൽ സെക്രട്ടറി യേറ്റ് തീരുമാനത്തെ അട്ടിമറിച്ച് ജില്ലാ നേതൃത്വം വ്യാപാരി വ്യവസായി ഏകോപന സമിതി   സംസ്ഥാന കൗൺസിലർ കൂടിയായ പരപ്പനങ്ങാടിയിലെ മലബാർ ബാവ ഹാജിയെ ജില്ലാ സെക്രട്ടറി യായി  പ്രഖ്യാപിക്കുകയായിരുന്നു.  പരപ്പനങ്ങാടിയിലെ  വിമത ചേരി നേരത്തെ തന്നെ അവരുമായി ബന്ധപെട്ട കേന്ദ്രങ്ങളിൽ  ജില്ലാ സെക്രട്ടറി മലബാർ ബാവയാകുമെന്ന് പരസ്യപെടുത്തിയത് പോലെ കാര്യങ്ങൾ ഒത്തു വന്നതും ഔദോഗിക പക്ഷത്തിന് ക്ഷീണമായി.

അതെ സമയം സംഘടനക്കകത്ത് ജനാധിപത്യ ധ്വംസനവും വിശ്വാസ വഞ്ചനയുമാണ് നടന്നതെന്നും  യൂനിറ്റ് അദ്ധ്യക്ഷൻ എം. വി. മുഹമ്മദലി  യെ  അപമാനിക്കുകയും  സെക്രട്ടറിയേറ്റ് തീരുമാനത്തെ ലംഘിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തവരോടപ്പം തുടർന്നു പോകാനാവില്ലന്നും  രാജി വെച്ച വൈസ് പ്രസിഡന്റ് അശറഫ് ജന്നാത്ത് പറഞ്ഞു .  പള്ളിയിൽ പോയി പടച്ചോന്റെ മുന്നിൽ ഒന്നു പറയുകയും പുറത്തിറങ്ങിയാൽ കാപട്യത്തോട് നീക്കുപോക്കു ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നവരോട്  സഹതാപമാണുള്ളതെന്നും അദ്ധേഹം വിശദമാക്കി.

എന്നാല്‍ കാൽ നൂറ്റാണ്ടു കാലമായി സംഘടനയുടെ സംസ്ഥാന ജില്ലാ തല ത്തിൽ പ്രവർത്തിക്കുന്ന ആളാണ് താനെന്നും എന്തെങ്കിലും അധികാരത്തിനു വേണ്ടി നാളിതുവരെ ആരുടെ മുന്നിലും തലചൊറിയാൻ പോയിട്ടില്ലന്നും അതെ സമയം നേതൃത്വം ആവശ്യപ്പെടുന്ന ഏത് പദവിയും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കലാണ് തന്റെ രീതിയെന്നും  ജില്ലാ സെക്രട്ടറി മലബാർ ബാവ  പറഞ്ഞു.  അതിനിടെ യൂത്ത് വിങ്ങ് മലബാർ ബാവയെ അഭിവാദ്യം ചെയ്ത് പരപ്പനങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ അശ്റഫ് ജന്നാത്ത് ഉന്നയിച്ച തെരഞ്ഞെടുപ്പ് കാര്യങ്ങളും രാജി കത്തും   ചൊവാഴ്ച ചേരുന്ന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്ത ശേഷം അടുത്തു ചേരുന്ന പ്രവർത്തക സമിതിയിൽ ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് മർച്ചൻറസ് അസോസിയേഷൻ സെക്രട്ടറിമാരായ അശറഫ് കുഞ്ഞാവാസ്, മുജീബ് ദിൽദാർ എന്നിവർ വ്യക്തമാക്കി.    സംഘടനക് ദോഷകരമായ തീരുമാനം ആരുടെ ഭാഗത്തു നിന്നുമുണ്ടാവില്ലന്നും  സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കൂടുതൽ വിശദീകരണങ്ങളാവാമെന്നും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. വി. മുഹമ്മദലി  പറഞ്ഞു.

അതെ സമയം സംഘടനാ തെരഞ്ഞെടുപ്പിൽ നാൽപ്പത്തിയഞ്ചു ശതമാനം വോട്ടു നേടിയ വിഭാഗത്തിൽ നിന്ന് മുപ്പത്തി എട്ടംഗ പ്രവർത്തക സമിതി യിൽ ഒരാളെ പോലും ഉൾപെടുത്താത്ത ഔദ്യോഗിക പക്ഷം ഇപ്പോൾ തമ്മിൽ ചേരി തിരിഞ്ഞു അങ്കം വെട്ടുന്നത് കർമ്മഫലമാണന്ന് മുൻ മണ്ഡലം സെക്രട്ടറിയും അനൗദോഗിക വിഭാഗത്തിന്റെ  നേതാവുമായ ഇസ്മായിൽ റാഹത്ത് പറഞ്ഞു.   ഇക്കഴിഞ്ഞ യൂനിറ്റ് തെരഞ്ഞെടുപ്പ് മുതൽ അവഗണിക്കപെട്ട വലിയ വിഭാഗത്തെയും  ഇപ്പോൾ പാടെ കലങ്ങി മറിയുകയും ചെയ്ത സംഘടനാ സംവിധാനത്തെയും  കൂടെ നിറുത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗത്തിന്റെന ജില്ലാ അദ്ധ്യക്ഷൻ  ഇ കെ ചെറി കരുക്കൾ നീക്കുന്നതായും വ്യാപാരികൾക്കിടയിൽ സംസാരമുണ്ട്.

അതിനിടെ യൂനിറ്റിലെ രാജി പ്രതിസന്ധിക്ക് പരിഹാരം കാണാനും അതുവഴി ആഭ്യന്തരവും ബാഹ്യവുമായ വിമത ശല്യത്തിനിടം നൽകാതിരിക്കാനും പരപ്പനങ്ങാടിയിൽ നിന്ന് മറ്റൊരാളെ കൂടി ജില്ലാ സെക്രട്ടറിയാക്കാൻ ജില്ലാ നേതൃത്വം തയാറായേക്കുമെന്നും സൂചനയുണ്ട്.