നീതിയുടെ കാവലാളാവന്‍ പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികള്‍ക്കിടിയില്‍ നിന്നും ഒരു പെണ്‍മുത്ത്‌

parappanangadiപരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ കടലോര മേഖലയായ പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ ചേക്കിന്റെ പുരക്കല്‍ അനീഷ വക്കീലാവുകയാണ്‌. ഈ മാസം 23 ന്‌ കോട്ടും ഗൗണുമണിഞ്ഞ്‌ ഈ മത്സ്യതൊഴിലാളി വനിത ഹൈക്കോടതിയില്‍ എന്‍ട്രോള്‍ ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്‌.

തീരദേശ മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ആദ്യ വക്കീലാവുകായണ്‌ ഇതോടെ അനീഷ. ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മത്സ്യതൊഴിലാളിയായ ചേക്കിന്റെ പുരക്കല്‍ അബ്ദുറഹ്മാന്റെ അഞ്ച്‌ മക്കളില്‍ ഏറ്റവും ഇളയവളാണ്‌ അനീഷ. സ്വന്തം പരിശ്രമവും മിടുക്കും കൊണ്ടാണ്‌ കടുത്ത വറുതിക്കിടയിലും പാട്ടവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പഠിച്ച്‌ നിയമ ബിരുദം കരസ്ഥമാക്കിയത്‌.

പുത്തന്‍കടപ്പുറം മാപ്പിള സ്‌കൂളില്‍ നിന്നാണ്‌ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്‌. സൂപ്പിക്കുട്ടി നഹ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന്‌ പത്താം തരം പാസ്സായ ശേഷം പ്ലസ്‌ടുവും ഡിഗ്രിയും പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജില്‍ നിന്നാണ്‌ പൂര്‍ത്തിയാക്കിയത്‌.

അനീഷയുടെ കഴിവു മനസിലാക്കിയ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജിലെ ചെയര്‍മാനും അഭിഭാഷകനമായ കെകെ സൈതലവിയും സക്രട്ടറി സി.അബ്ദുറഹ്മാന്‍ കുട്ടിയും അധ്യാപകരുമാണ്‌ നിയമ ബിരുദമെടുക്കാന്‍ പ്രേരണ നല്‍കിയത്‌. . കോഴിക്കോട്‌ ഗവ.ലോകോളേജില്‍ ചേര്‍ന്ന്‌ പഠിച്ച അനീഷ ഫസ്റ്റ്‌ ക്ലാസോടെയാണ്‌ വിജയിച്ചത്‌.

അനീഷയെ ആദരിക്കാനും സ്വീകരണം നല്‍കുവാനും നാട്ടുകാര്‍ രംഗത്തുണ്ട്‌.