പരപ്പനങ്ങാടിയില്‍ യൂത്ത്‌ കോണ്‍ഗ്രസില്‍ നിന്ന്‌ കൂട്ടരാജി

Story dated:Thursday November 19th, 2015,01 53:pm
sameeksha

congressപരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ചിറമംഗലം ഡിവിഷനില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ ലീഗ്‌ വിമതനെ നിര്‍ത്തി തോല്‍പ്പിച്ച സംഭവത്തില്‍ യൂത്ത്‌ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പരപ്പനങ്ങാടി മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടറി രാഗേഷിന്റേയും മുഹമ്മദലിയുടെയും നേതൃത്വത്തില്‍ അറുപതോളം സജീവപ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നു. മുന്‍സിപ്പാലിറ്റിയിലെ 9,10,11,12,24 ഡിവിഷനിലെ പ്രവര്‍ത്തകരാണ്‌ രാജിക്കൊരുങ്ങുന്നത്‌.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിറമംഗം ഡിവിഷനില്‍ നിന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ അനീഷ്‌ കുമാര്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്‍തള്ളപ്പെട്ടിരുന്നു. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഇവിടെ യുഡിഎഫ്‌ വിമതനായി മത്സരിച്ച്‌ ജയിച്ച ഹരിദാസനെ യുഡിഎഫിലേക്ക്‌ തിരിച്ചെടുത്തതാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌.

തയ്യിലപ്പടി ഡിവിഷനില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായ വി.കെ മീനാക്ഷിക്കെതിരെ മുസ്ലിംലീഗ്‌ വോട്ട്‌ മറിച്ചെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഈ സംഭവങ്ങളില്‍ പ്രതിഷേധ്‌ിച്ചാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നത്‌.

രാഗേഷ്‌ ഇന്ന്‌ രാവിലെ 9 മണിക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി ശ്രീജിത്തിന്‌ രാജിക്കത്ത്‌ കൈമാറി. രാജിക്കൊരുങ്ങിയ യൂത്ത്‌ കോണ്‍ഗ്രസ്‌ വിളിച്ച യോഗത്തില്‍ ഹക്കിം എം.വി, ഷറീഫ്‌, സഫ്‌വാന്‍, പികെ.റിയാസ്‌, ജയേഷ്‌ എം.ടി, കോയ, മുഹമ്മദ്‌ ഷെമീം എന്നിവര്‍ പങ്കെടുത്തതായി വാര്‍ത്താകുറിപ്പില്‍ അറിയി്‌ചചു.