പരപ്പനങ്ങാടി റിക്രിയേഷന്‍ ക്ലബ്‌ ഭാരവാഹികളെ മര്‍ദ്ധിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ്‌

recreation NEWS copyപരപ്പനങ്ങാടി: കഴിഞ്ഞദിവസം പരപ്പനങ്ങാടി റിക്രിയേഷന്‍ ക്ലബ്ബിന്‌ മുന്നില്‍വെച്ച്‌ ക്ലബ്ബ്‌ ഭാരവാഹികളെ മര്‍ദ്ധിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി പി വി സുബൈറിനെതിരെയാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

ഞായറാഴ്‌ച രാവിലെ പത്തുമണിയോടെയാണ്‌ സംഭവമുണ്ടായത്‌. ക്ലബ്ബ്‌ തുറക്കാനെത്തിയ പ്രസിഡന്റ്‌ കെ പി സുകുമാരനെയും ഒപ്പമുണ്ടായിരുന്ന അബ്ദുറഹീം നഹയേയും സുബൈര്‍ ആക്രമിക്കുകയായിരുന്നത്രെ. തുടര്‍ന്ന്‌ പോലീസെത്തി ഇയാളെ കസ്‌റ്റഡിയിലെടുക്കുകായായിരുന്നു. മര്‍ദ്ധനമേറ്റ സുകുമാരനെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്‌റ്റഡിയിലെടുത്ത സൂബൈര്‍ പോലീസ്‌റ്റേഷനില്‍ തലചുറ്റിവീണതിനെ തുടര്‍ന്ന്‌ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരപ്പനങ്ങാടി ജങ്‌ഷനിനടുത്ത്‌ താനൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന റിക്രിയേഷന്‍ ക്ലബ്ബ്‌ ഏറെ ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണ്‌. ഒ.ചന്തുമേനോന്‍ ഇന്ദുലേഖയ്‌ക്ക്‌ ശേഷമെഴുതിയ ശാരദ എന്ന നോവലില്‍ പരാമര്‍ശിക്കുന്ന ‘വക്കീലന്‍മാരുടെ കൊളമ്പ’്‌ ഈ റിക്രിയേഷന്‍ ക്ലബ്ബാണ്‌. മുമ്പ്‌ ഏറെ സജീവമായ ഈ ക്ലബ്ബ്‌ കുറച്ച്‌ കാലമായി സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന്‌ വിധേയമാക്കൊണ്ടിരിക്കുകയുമാണ്‌.

റിക്രിയേഷന്‍ ക്ലബ്ബ്‌ നിലനില്‍ക്കുന്ന ഭൂമിയില്‍ അവകാശമുന്നയിച്ച്‌കൊണ്ട്‌ ചിലര്‍ രംഗത്തെത്തിയതോടെയാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം.