Section

malabari-logo-mobile

പരപ്പനങ്ങാടി തുറമുഖം: പരിസ്ഥിതി പഠനം പുരോഗമിക്കുന്നു – മന്ത്രി കെ. ബാബു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ തുറമുഖ നിര്‍മാണത്തിനുള്ള പരിസ്ഥിതി പഠനം പുരോഗമിക്കുകയാണെന്നും അതിനാല്‍ പരപ്പനങ്ങാടിയില്‍ നിന്നും എട്ട്‌ കിലോമീറ്റര്...

K__Babuപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ തുറമുഖ നിര്‍മാണത്തിനുള്ള പരിസ്ഥിതി പഠനം പുരോഗമിക്കുകയാണെന്നും അതിനാല്‍ പരപ്പനങ്ങാടിയില്‍ നിന്നും എട്ട്‌ കിലോമീറ്റര്‍ മാത്രം അകലെയുള്ള കടലുണ്ടി നഗരത്തില്‍ പുതിയ തുറമുഖ നിര്‍മാണം ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്നും എക്‌സൈസ്‌- ഫിഷറീസ്‌- തുറമുഖ- ഹാര്‍ബര്‍ എഞ്ചിനീയറിങ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു പറഞ്ഞു. വള്ളിക്കുന്ന്‌ നിയോജക മണ്‌ഡലത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ഹാര്‍ബര്‍ എഞ്ചിനീയറിങ്‌ വകുപ്പ്‌ നിര്‍മിച്ച കടലുണ്ടി നഗരം ഫിഷ്‌ ലാന്‍ഡിങ്‌ സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഇത്രയധികം ആനുകൂല്യങ്ങള്‍ നല്‍കിയ മറ്റൊരു സര്‍ക്കാറും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന്‌ മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറുകളൊന്നും ചെയ്യാത്ത വന്‍ വികസന പദ്ധതികളാണ്‌ തീരദേശത്ത്‌ ഈ സര്‍ക്കാര്‍ നടപ്പാക്കിയത്‌. കോഴിക്കോട്‌ വെള്ളയില്‍, ചേര്‍ത്തല, തിരുവനന്തപുരം, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ മത്സ്യബന്ധന തുറമുഖങ്ങള്‍ സ്ഥാപിക്കാന്‍ നടപടികളായി.

sameeksha-malabarinews

പരപ്പനങ്ങാടി ഫിഷ്‌ ഫാമില്‍ ഏഴര കോടിയുടെ വികസന പദ്ധതികള്‍ക്ക്‌ ഭരണാനുമതി ആയിട്ടുണ്ട്‌. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ജില്ലയുടെ ചരിത്രത്തില്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഏറ്റവുമധികം വീടും തുകയും അനുവദിച്ചത്‌ നിലവിലുള്ള സര്‍ക്കാറാണ്‌. 855 വീടുകള്‍ക്ക്‌ രണ്ട്‌ ലക്ഷം വീതം നല്‍കി. പുതുതായി 300 വീടുകള്‍ കൂടി ഉടന്‍ അനുവദിക്കും. സംസ്ഥാനത്ത്‌ മൊത്തം 6573 വീടുകളാണ്‌ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം കക്കൂസുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയ ഫിഷറീസ്‌ വകുപ്പ്‌ ജില്ലയില്‍ 1028 കക്കൂസുകള്‍ക്ക്‌ ധനസഹായം നല്‍കിയതായും മന്ത്രി പറഞ്ഞു. 17,500 രൂപ വീതമാണ്‌ നല്‍കുന്നത്‌. വീട്‌ അറ്റകുറ്റ പണിക്ക്‌ നേരത്തെ നല്‍കിയിരുന്ന നാമമാത്ര തുക 50,000 ആയി വര്‍ധിപ്പിച്ചു. ജില്ലയില്‍ 218 പേര്‍ക്ക്‌ ഈ ഇനത്തില്‍ തുക നല്‍കി.

കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ഇ.അഹമ്മദ്‌ എം.പി. മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.കുട്ടി അഹമ്മദ്‌കുട്ടി, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. പ്രസന്നകുമാരി, തുടങ്ങിയവര്‍ സംസാരിച്ചു.

ലേലപുര, ലാന്‍ഡിങ്‌ ഫ്‌ളാറ്റ്‌ഫോം, ലോക്കര്‍ മുറികള്‍, കാന്റീന്‍, കടകള്‍, ടോയിലറ്റുകള്‍, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്‌ ഫിഷ്‌ ലാന്‍ഡിങ്‌ സെന്റര്‍ നിര്‍മിച്ചിട്ടുള്ളത്‌. കടലുണ്ടി ബീച്ച്‌ മത്സ്യബന്ധന ഗ്രാമത്തിലെ ഏകദേശം 3900 മത്സ്യതൊഴിലാളികള്‍ക്ക്‌ പ്രയോജനപ്പെടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!