ഇന്ന്‌ ഉല്‍ഘാടനം ചെയ്യാനിരിക്കുന്ന പരപ്പനങ്ങാടി ബസ്‌ വെയിറ്റിംഗ്‌ ഷെഡ്‌ ബസ്സിടിച്ച്‌ തകര്‍ന്നു

Story dated:Saturday October 3rd, 2015,03 21:pm
sameeksha

parappananangdi busപരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ശനിയാഴ്‌ച വൈകീട്ട്‌ വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബ്‌ ഉല്‍ഘാടനം ചെയ്യാനിരിക്കുന്ന ആധുനിക ബസ്‌ വെയിറ്റിംഗ്‌ ഷെഡ്‌ ബസിടിച്ച്‌ ഭാഗികമായി തകര്‍ന്നു. ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ സ്‌റ്റാന്റില്‍ പാര്‍ക്ക്‌ ചെയ്യാനെത്തിയ ബസ്സ്‌തട്ടി സ്റ്റോപ്പിന്റെ മേല്‍കൂരയുടെ ഒരുഭാഗം തകര്‍ന്നത്‌.

നിര്‍മാണത്തിലെ അശാസ്‌ത്രിയതയാണ്‌ അപകടം വരുത്തിവെച്ചതെന്നും തുടര്‍ന്നും ഇത്തരത്തില്‍ അപകടം സംഭവിക്കാമെന്നും ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു.

ഒരു ബസ്‌ പാര്‍ക്ക്‌ ചെയ്യാന്‍മാത്രം വീതിയുള്ള ഈ ബസ്‌ വെയിറ്റിംഗ്‌ ഷെഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ഫൂട്ട്‌ പാത്തിലാണ്‌. വളരെ വീതികുറഞ്ഞ ഈ വെയിറ്റിംഗ്‌ ഷെഡിന്‌ സമീപത്തുകൂടെ കാല്‍നടയാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്‌. നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളടക്കം യാത്രക്കാര്‍ എപ്പോഴും തിങ്ങിനിറയുന്ന ഇവിടെ അപകടങ്ങള്‍ വീണ്ടും ഉണ്ടാകുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍. മന്ത്രിയുടെ തനത്‌ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഈ വെയിറ്റിംഗ്‌ ഷെഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതിന്റെ നിര്‍മ്മാണത്തിന്‌ അഞ്ച്‌ ലക്ഷത്തോളം രൂപ ചിലവായതായണ്‌ റിപ്പോര്‍ട്ട്‌.