പൈപ്പ്‌ പൊട്ടി പരപ്പനങ്ങാടി അടിപ്പാല നിര്‍മാണം നിര്‍ത്തി

Untitled-1 copyപരപ്പനങ്ങാടി: റെയില്‍വേ അടിപ്പാല നിര്‍മ്മാണത്തിനിടെ കുടിവെള്ളപൈപ്പ്‌ ലൈന്‍ തകര്‍ന്ന്‌ നര്‍മ്മാണം നിര്‍ത്തിവെച്ചു. ബുധനാഴ്‌ച രാത്രിയാണ്‌ റെയില്‍പ്പാത മുറിച്ചുമാറ്റി കോണ്‍ഗ്രീറ്റ്‌ ചതുരപ്പെട്ടികള്‍ സ്ഥാപിക്കുന്ന പണിക്കിടെ കുടിവെള്ള പൈപ്പ്‌ പൊട്ടിയത്‌. റെയില്‍വെ പ്രവൃത്തിക്കായി രാത്രി എട്ടു മണിമുതല്‍ പതിനൊന്നുമണിവരെയാണ്‌ സമയം അനുവദിച്ചിരുന്നത്‌. എന്നാല്‍ പൈപ്പ്‌ തകര്‍ന്നതോടെ ജലപ്രളയമായതിനെ തുടര്‍ന്ന്‌ ട്രാക്കിനടിയില്‍ നിറഞ്ഞ വെള്ളം മുക്കിയൊഴിക്കാനായി ഒരുമണിക്കൂറോളം സമയം പാഴാവുകയായിരുന്നു. ഇതോടെ നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു.

ഇതോടെ നേരത്തെ മുറിച്ച മാറ്റിയ റെയില്‍പാളങ്ങള്‍ പുനഃസ്ഥാപിച്ച്‌ തത്‌കാലം റെയില്‍പ്പാത പഴയപടിയാക്കുകയായിരുന്നു.

എന്നാല്‍ കുടിവെള്ള പൈപ്പ്‌ തകര്‍ന്നതോടെ വേനലില്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന തീരദേശവാസികള്‍കളുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്‌. കുടിവെള്ള വിതരണം എന്ന്‌ പുരാരംഭിക്കുമെന്ന കാര്യത്തിലും അധികൃതര്‍ക്ക്‌ വ്യക്തതയില്ല. അടിപ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്ന കാര്യം അറിഞ്ഞിട്ടു വേണ്ട നടപടിയെടുക്കാത്ത വാട്ടര്‍അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ നാട്ടുകാര്‍.