പരപ്പനങ്ങാടി എസ്‌ഐക്ക്‌ നേരെ ആക്രമണം

Story dated:Tuesday January 19th, 2016,06 00:pm
sameeksha

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്‌ ഐയ്‌ക്കും പോലീസുകാര്‍ക്കുമെതിരെ ആക്രമണം. ആക്രമണത്തില്‍ രണ്ട്‌ പോലീസുകാര്‍ക്ക്‌ പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട്‌  ആക്രമി സംഘത്തിലെ മൂന്ന്‌ പേരെ അറസ്റ്റു ചെയ്‌തു. ഒരാളെ ഇന്നലെ രാത്രിയും മറ്റ്‌ രണ്ട്‌ പേരെ ഇന്ന്‌ നടത്തിയ തിരച്ചിലുമാണ്‌ പിടികൂടിയത്‌. സന്ദീപ്‌ കുമാര്‍(33), ജയപ്രകാശ്‌(46),സതീശന്‍(39) എന്നിവരാണ്‌ അറസ്റ്റിലായത്‌.  തിങ്കളാഴ്‌ച  രാത്രി 10.30 ഓടെയാണ്‌ വളളിക്കുന്ന്‌ അരിയല്ലൂരില്‍വെച്ച്‌ പോലീസിനു നേരെ ആക്രമണ മുണ്ടായത്‌. അരിയല്ലൂരില്‍ ചീട്ടുകളി സംഘത്തെ കുറിച്ച്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ പരിശോധനയ്‌ക്കെത്തിയപ്പോഴാണ്‌ ആക്രമണമുണ്ടായത്‌. പോലീസ്‌ ജീപ്പിനെ പിന്‍തുടര്‍ന്നെത്തിയ പന്ത്രണ്ടളോം വരുന്ന സംഘം പോലീസിനു നേരെ കല്ലെറിയുകയായിരുന്നു. പോലീസ്‌ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ പോലീസ്‌ ജീപ്പിന്‌ കേടുപാടുകള്‍ സംഭവിച്ചു.

കൃത്യനിര്‍വഹണം തടസപ്പെടുത്തിയ പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മറ്റ്‌ പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്‌ ഐ കെ ജെ ജിനേഷ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം വള്ളിക്കുന്ന്‌ അരിയല്ലൂര്‍ കീഴേപ്പാട്ട്‌ ഭഗവതി ക്ഷേത്രത്തിന്‌ സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്ന്‌ അഞ്ചംഗ ചീട്ടുകളി സംഘത്തെയും 1,30,900 രൂപയും പിടികൂടിയിരുന്നു.