പരപ്പനങ്ങാടിയില്‍ സംഘര്‍ഷം ;പോലീസ് സ്‌റ്റേഷനു നേരെ കല്ലേറ് ലാത്തിച്ചാര്‍ജ്ജ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ് അവശനായ യുവാവിനെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

സംഘര്‍ഷത്തിനിടെ ആരോ പോലീസ് സ്‌റ്റേഷനിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് പോലീസ് ലാത്തി വീശി. ഇന്ന് വൈകീട്ടോടെയാണ് ഒരു പരാതിയില്‍ പരപ്പനങ്ങാടി കൂരിയില്‍ മൂലയ്ക്ക് സമീപം താമസിക്കുന്ന യുവാവിനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത്് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്ന് യുവാവിന് മര്‍ദ്ദനമേറ്റെന്നാണ് ആരോപണം.

അവശനിലയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയ വിവരമറിഞ്ഞ് രാത്രി 9 മണിയോടെ പോലീസ് സ്‌റ്റേഷനു മുന്നില്‍ നാട്ടുകാര്‍ തടിച്ചു കൂടുകയായിരുന്നു.

ഇപ്പോള്‍ പ്രാദേശിക രാ്ഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടുണ്ട്.