പരപ്പനങ്ങാടി കല്‍പ്പുഴയുടെ നവീകരണ പ്രവര്‍ത്തനം തുടങ്ങി

imagesപരപ്പനങ്ങാടി: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഉള്ളണത്തെ മത്സ്യ ഉത്‌പാദന കേന്ദ്രത്തിന്‌ കീഴില്‍ കൂട്‌ മത്സ്യകൃഷി ആരംഭിക്കുന്നതിനായി സമീപത്തെ കല്‍പ്പുഴ നവീകരണം തുടങ്ങി. വെള്ളത്തില്‍ പ്രത്യേക പ്ലാറ്റ്‌ഫോമില്‍ നിന്ന്‌ മാലിന്യം നീക്കാന്‍ സൗകര്യമുള്ള മൂന്ന്‌ ജെ.സി.ബി.കള്‍ ഉപയോഗിച്ച്‌ പുഴയിലെ ചെളിയും പായലും നീക്കുന്ന പ്രവൃത്തിയാണ്‌ ആരംഭിച്ചത്‌. നവീകരണ പ്രവൃത്തികള്‍ ഒരു മാസത്തോളം നീളും.
2.73 കോടി ചെലവഴിച്ച്‌ 17.75 ഏക്കര്‍ വിസ്‌തൃതിയില്‍ മത്സ്യകൃഷി സജീവമാക്കാനാണ്‌ പദ്ധതി. ഇതിലൂടെ പ്രതിവര്‍ഷം 60,000 കിലോ മത്സ്യം ഉത്‌പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. പുഴ നവീകരണത്തിനൊപ്പം 3.76 ഏക്കര്‍ വിസ്‌തൃതിയുള്ള ഫിഷറീസ്‌ കേന്ദ്രത്തില്‍ അലങ്കാര മത്സ്യ ഉത്‌പാദന വര്‍ധനവിന്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇതിലൂടെ പ്രതിവര്‍ഷം 50 ലക്ഷം മത്സ്യവിത്ത്‌ ഉത്‌പാദിപ്പിക്കാനാകും. 4.77 കോടിയാണ്‌ ഇതിനായി വിനിയോഗിക്കുക. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ഫിര്‍മയ്‌ക്കാണ്‌ പദ്ധതിയുടെ മേല്‍നോട്ട ചുമതല.