പരപ്പനങ്ങാടി ഹാര്‍ബര്‍; പരിസ്ഥിതി പഠനം തുടങ്ങി

parappananangdiപരപ്പനങ്ങാടി: പ്രാദേശിക രാഷ്ട്രീയ വടംവലികളില്‍ കുരിങ്ങി മുടങ്ങിക്കിടക്കുകയായിരുന്ന പരപ്പനങ്ങാടിയിലെ നിര്‍ദ്ധിഷ്ട ഹാര്‍ബര്‍ മോഹങ്ങള്‍ക്ക്‌ വീണ്ടും ചിറകുമുളയ്‌ക്കുന്നു. ഹാര്‍ബറിന്റെ പരിസ്ഥിതി പഠന സംഘം ആലുങ്ങല്‍, അങ്ങാടി, ചാപ്പപ്പടി തീരങ്ങളില്‍ പരിശോധന നടത്തി.

രണ്ടു വര്‍ഷം മുമ്പാണ്‌ അങ്ങാടി കടപ്പുറത്തിനു നേരെ കടലില്‍ ഹാര്‍ബറിനായുളള ബോറിംങ്ങ്‌ പൂര്‍ത്തിയാക്കിയത്‌. തുടര്‍ന്ന്‌ നിലവിലെ ഹാര്‍ബറിന്‌ കണ്ടെത്തിയ സ്ഥലം ഒട്ടുമ്മലേക്ക്‌ മാറ്റണമെന്ന ആവശ്യം ശക്തമാവുകയും തുടര്‍ന്ന്‌ ഭരണ കക്ഷിയായ മുസ്ലിംലീഗിന്റെ പ്രാദേശിക നേതൃത്വത്തിനിടയില്‍ കനത്ത വിള്ളലിന്‌ ഇടയാക്കുകയും ചെയ്‌തിരുന്നു. മുസ്ലിംലീഗിന്റെ സമ്മേളന വേദി കയ്യേറിയ സംഭവം വരെ ഇതെതുടര്‍ന്നുണ്ടായി. ഇതോടെ ഹാര്‍ബറിന്റെ പ്രവൃത്തി രാഷ്ട്രീയ നേതൃത്വം ഇടപെട്ട്‌ മന്ദീഭവിപ്പിക്കുകയായിരുന്നു.

എന്നാല്‍ അങ്ങാടി കടപ്പുറത്തെ ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി അനുകൂല വിധി ഹൈക്കോടതിയില്‍ നിന്നും സമ്പാദിച്ചവര്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ്‌ പരിസ്ഥിതി പഠനം സംഘം ഇപ്പോള്‍ എത്തിയിരിക്കുന്നത്‌.

നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രദേശത്ത്‌ പരിസ്ഥിതി പഠനം നടത്തിയിരുന്നുവെങ്കിലും 30 കോടി രൂപയിലധികം വരുന്ന കേന്ദ്ര പങ്കാളിത്തമുള്ള പദ്ധതികള്‍ക്ക്‌ കേന്ദ്ര ഏജന്‍സികള്‍ തന്നെ പരിസ്ഥിതി പഠനം നടത്തണമെന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ ചട്ടമാണ്‌ വീണ്ടും പരിസ്ഥിതി പഠനത്തിന്‌ കാരണമാക്കിയത്‌. ചെന്നൈ ഹ്യുബര്‍ട്ട്‌ എന്‍വെയറോ കെയര്‍ സിസ്‌റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ പരിസ്ഥിതി പഠനത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്‌.

അതെസമയം പരപ്പനങ്ങാടി ഹാര്‍ബറിന്‌ ശേഷം പ്രഖ്യാപിച്ച താനൂര്‍ ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്‌.